തിരുവനന്തപുരം: കേരളത്തിലെ എറ്റവും വലിയ ഡയാലിസിസ് സെന്‍റർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ സെന്‍ററിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഒരേ സമയം മുപ്പതു ഡയാലിസിസ് ചെയ്യാവുന്ന സെന്‍ററാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തന സജ്ജമായത്.

രണ്ട് ഷിഫ്‌റ്റുകളിലായി അറുപത് പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്യാം. 2 കോടി 80 ലക്ഷം രൂപ ചിലവഴിച്ചാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്‍റർ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവർത്തന സജ്ജമാക്കിയത്. ബയോടെക്നോളജി ലാബ്, ഡിജിറ്റൽ എക്സ്റേ സംവിധാനം, നവീകരിച്ച കുട്ടികളുടെ വാർഡ്, മറ്റ് ജനറൽ വാർഡുകൾ അടക്കം നവീകരിച്ച് വലിയ മാറ്റമാണ് ആശുപത്രിയിൽ വരുത്തിയിരിക്കുന്നത്.

പുതുതായി സജ്ജീകരിച്ച ഡയാലിസിസ് വാർഡ് 

ഡോക്ർമാരുടെ എണ്ണം 26ൽ നിന്നും 40 ആയി ഉയർത്തിയിരുന്നു. രണ്ടായിരത്തിലേറെ രോഗികളാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്. മുഖച്ഛായ മാറുമ്പോഴും മാലിന്യ സംസ്കരണ പ്ലാന്‍റും, രോഗികളെ ബുദ്ധിമുട്ടില്ലാതെ കൊണ്ടുപോകാൻ ആശുപത്രി കെട്ടിടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴികളും അത്യാധുനിക സ്കാനിംഗ് സെന്‍ററുമെല്ലാം ഇപ്പോഴും യാഥാർത്ഥ്യത്തിലേക്ക് അടുത്തിട്ടില്ല. ഇത് കൂടി ലക്ഷ്യമിട്ടുള്ള തുടർപദ്ധതികളാണ് അടുത്ത ഘട്ടത്തിലൊരുങ്ങുന്നത്.