Asianet News MalayalamAsianet News Malayalam

ഗവർണർ ഒപ്പിട്ടു, സർക്കാരിന്റെ ആശങ്ക മാറി; തദ്ദേശ വാർഡ് വിഭജന ബില്ല് നിയമമായി

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ 31 വോട്ടിനെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസായത്

Kerala municipality amendment act becomes law as Governor signed bill
Author
Thiruvananthapuram Zoo, First Published Feb 18, 2020, 4:59 PM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടു. ഇതോടെ സർക്കാരിന്റെ ആശങ്ക മാറി. 

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ 31 വോട്ടിനെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസായത്. ബില്ല് കേന്ദ്ര നിയമത്തിന് എതിരല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെസി മൊയ്തീൻ പറഞ്ഞിരുന്നു. വാർഡുകളുടെ എണ്ണം വർധിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് സർക്കാരിന്റെ നിലപാട്.

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ല് വരുമ്പോൾ എന്തെങ്കിലും തടസ്സവാദങ്ങൾ ഉന്നയിക്കുമോ എന്ന ആശങ്ക സർക്കാരിന് ഉണ്ടായിരുന്നു.

എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടർ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ ഇതുവരെ വ്യക്തമായ തീരുമാനം വന്നിട്ടില്ല. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇത് മുൻകൂട്ടി കണ്ട്, മുസ്‍ലിം ലീഗ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി. 2019ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കോടതിയെ സമീപിക്കുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ത്തിവെച്ചു.  തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഹർജിയിൽ തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ ഉത്തരവ് ഇറക്കാൻ പാടുള്ളു എന്നാണ് ലീഗിന്‍റെ ആവശ്യം.

തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്. പഴയ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ വിധി തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ്. 2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ, എന്തിനാണ് പഴയ പട്ടിക ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. 

Follow Us:
Download App:
  • android
  • ios