2:32 PM IST
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
പത്തനംതിട്ട കെഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം. കെഎസ്ആർടിസി ബെസിലെ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കെറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്.
12:46 PM IST
ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കില്‍ നിന്നും വീണ് ഒരാള്‍ക്ക് പരിക്ക്
ഇടുക്കി 80 ഏക്കറിൽ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്നും വീണ് ഒരാൾക്ക് പരുക്ക്. രാജകുമാരി സ്വദേശി തയ്യിൽ ജോണി എന്നയാൾക്കാണ് പരിക്കേറ്റത്. സിങ്കുകണ്ടത്തേക്ക് പോകുന്നതിനിടെ ചക്കക്കൊമ്പന്റെ മുന്നിൽ അകപ്പെടുകയായിരുന്നു.
12:45 PM IST
കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്ത്.
കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്ത്. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. ചരിത്രത്തെ അപനിർമ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാർത്തകുറിപ്പിൽ കെസിബിസി വ്യക്തമാക്കി. എത്രയും വേഗം നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഇടപെടൽ വേണം.
12:45 PM IST
തൃശൂർ സദാചാര കൊല പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച 2 പേർ അറസ്റ്റിൽ
തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ചതിന് രണ്ടു പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. സംഭവം നടന്ന് പത്തൊമ്പത് ദിവസമായിട്ടും പ്രതികൾക്കായി ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.
12:44 PM IST
തൃശൂരിൽ തെരുവുനായ ആക്രമണത്തിൽ 8 പേർക്ക് കടിയേറ്റു
തൃശൂർ പെരുമ്പിലാവ് ആൽത്തറയിൽ തെരുവ് നായ ആക്രമണം. 8 പേർക്ക് കടിയേറ്റു . കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താൻ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടവത്താനായില്ല.
12:44 PM IST
ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്കെതിരെ അതിക്രമം 3 പേർ കസ്റ്റഡിയിൽ
ദില്ലിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ അതിക്രമത്തിൽ മൂന്ന് പേർ പിടിയിൽ. ഹോളി ആഘോഷത്തിനിടെ നടന്ന അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിഷയത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് നടപടി. രാജ്യത്താകെ ചർച്ചയായ വിഷയമായിരുന്നു ഇത്.
12:43 PM IST
ത്രിപുരയിലെ ആക്രമണത്തിൽ പരസ്പരം പഴിചാരി എം പിമാരും പോലീസും
ആക്രമണം നടന്ന സ്ഥലത്ത് പോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ലെന്ന് പോലീസ്. പോലീസ് മതിയായ സുരക്ഷ നൽകിയില്ലെന്ന് എംപിമാർ. ത്രിപുരയിലെ സംഘർഷമേഖലകള്‍ സന്ദർശിച്ച സിപിഎം നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് നേരെയാണ് മുദ്രാവാക്യം വിളികളുമായി ആൾക്കൂട്ടം എത്തിയത്. എളമരം കരീം എംപി അടക്കമുള്ളവർ ബിശാല്‍ഘഢില്‍ സന്ദർശനം നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ മുദ്രവാക്യം മുഴക്കി അടുക്കുകയായിരുന്നു.
10:29 AM IST
'പിള്ള ആള് ശരിയല്ല, ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടം'; സ്വപ്നയുടെ ആരോപണങ്ങളിൽ മുരളീധരൻ
സ്വപ്നയുടെ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജുഡീഷ്യൽ അന്വേഷണത്തിന് വെല്ലുവിളിച്ച് കെ മുരളീധരൻ. സ്വപ്നയുടെ ആരോപണം യുഡിഎഫ് തൊണ്ടതൊടാതെ വിഴുങ്ങിയിട്ടില്ല. സ്വപ്നയുടെ ആരോപണം തെറ്റാണെങ്കിൽ മാനനഷ്ടത്തിന് കേസുകൊടുക്കാൻ തയ്യാറാവണമെന്നും മുരളീധരൻ
10:28 AM IST
'പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും, കത്ത് കിട്ടിയില്ല'; കെപിസിസി മുന്നറിയിപ്പിൽ കെ മുരളീധരൻ
പരസ്യമായി പാർട്ടിയെ വിമർശിക്കുന്നതിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് മുരളീധരൻ പറഞ്ഞു.
10:27 AM IST
പരസ്യപ്രസ്താവനകളിൽ എം കെ രാഘവന് താക്കീത്, മുരളീധരന് മുന്നറിയിപ്പ്
കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിൽ എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് നിർദ്ദേശം.
10:26 AM IST
മദ്യനയക്കേസിൽ കവിതയെ അറസ്റ്റ് ചെയ്താൽ പ്രതിഷേധം, വരുതിയിലാക്കാമെന്ന് കരുതേണ്ടെന്ന് കെസിആർ
ദില്ലി മദ്യ നയ കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ.കവിതയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. കവിതയെ ഇഡി അറസ്റ്റ് ചെയ്തേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു വ്യക്തമാക്കി. അറസ്റ്റുണ്ടായാൽ ബിആർ എസ് നേതാക്കളും പ്രവർത്തകരും ദില്ലിയിലെത്തി പ്രതിഷേധിക്കുമെന്നും പാർട്ടിയെ വരുതിയിലാക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും കെസിആർ
10:25 AM IST
ബ്രഹ്മപുരം ജൈവമാലിന്യ സംസ്കരണ കരാർ നൽകിയത് സിപിഎം പ്രാദേശിക നേതാവിന്റെ കമ്പനിക്ക്
ബ്രഹ്മപുരത്ത് അഴിമതി ആരോപണങ്ങൾ ഉയരുന്ന ജൈവമാലിന്യ സംസ്കരണ ടെൻഡറിൽ കഴിഞ്ഞ വർഷം കരാർ ലഭിച്ചത് സിപിഎം നേതാവിന്‍റെ കമ്പനിക്ക്. സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്‍റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീർ ബാബുവാണ്. ടെൻഡറിൽ അട്ടിമറി നടന്നു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണവും കമ്പനി നേരിടുകയാണ്.
10:23 AM IST
സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകളിൽ വർധന, ആറ് പേർക്ക് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് പനിയും പകർച്ച വ്യാധികളും മാറ്റമില്ലാതെ തുടരുന്നതിനിടെ എച്ച്1 എൻ1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ഇത് സമീപകാലത്തെ ഉയർന്ന കണക്കാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ പുതുതായി സ്ഥിരീകരിച്ചത്