പത്തനാപുരം: കനാലിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ സഹായം ലഭിക്കാതെ വന്നതോടെ സർക്കിൾ ഇൻസ്പെക്ടർ നേരിട്ട് വെള്ളത്തിലിറങ്ങി. കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.  ഇത് കരയ്ക്ക് എത്തിക്കാൻ വെള്ളത്തിലിറങ്ങിയ പത്തനാപുരം സിഐ അൻവർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായി.

പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലിലിറങ്ങി മൃതദേഹം കരയ്ക്ക് എടുക്കാൻ നാട്ടുകാരിൽ ആരും തയ്യാറായില്ല. തുടര്‍ന്ന് കനാല്‍ വൃത്തിയാക്കുന്ന കരാര്‍ തൊഴിലാളികളുടെ സഹായം തേടി. എന്നാൽ ഇവര്‍ പോലീസിനോട് രണ്ടായിരം രൂപ കൂലി ആവശ്യപ്പെട്ടു. ഇതോടെയാണ് പത്തനാപുരം സി ഐ അന്‍വര്‍ യൂണിഫോം അഴിച്ചുവച്ച് കനാലില്‍ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. 

നാട്ടുകാരിൽ ആരോ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സി ഐ താരമായിരിക്കുകയാണ് ഇപ്പോൾ.  മാങ്കോട് തേന്‍കുടിച്ചാല്‍ സ്വദേശി ദിവാകരന്റേ(79)താണ് മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.