തിരുവനന്തപുരം: സംസ്ഥാനത്ത്  മദ്യം വാങ്ങാനെത്തുന്നവർകൊണ്ടുവരുന്ന ഡോക്ടറുടെ കുറിപ്പിൽ സീൽ വേണമെന്ന് എക്സൈസ്. സീൽ പതിക്കാതെ കുറിപ്പടി കൊണ്ടുവന്ന വരെ എക്സൈസ് മടക്കി അയച്ചു. ഒപി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാൻ സാധ്യതയുണ്ടെന്നും അതിനാൽ കൃത്യമായ നിർദ്ദേങ്ങൾക്കനുസരിച്ചേ മദ്യം നൽകാൻ കഴിയൂ എന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. എത്ര അളവിൽ, ഏത് സമയത്ത് മദ്യവിതരണം നടത്തണമെന്നതിലടലക്കം ഇനിയും വ്യക്തതയില്ല. അതിനാൽ കുറിപ്പടിയുമായി എത്തിയ മൂന്ന് പേരെ തിരുവനന്തപുരത്ത് അധികൃതർ തിരിച്ചയച്ചു.  മദ്യം കൊടുക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള മാർഗ നിർദ്ദേശങ്ങൾ എക്സൈസ് കമ്മീഷണർ ഇന്ന് പുറത്തിറക്കും. ഇതിന് ശേഷമാകും ഇത്തരത്തിൽ വിതരണം നടത്തുക. 

രാജ്യത്ത് സമൂഹവ്യാപനമോ? ഒറ്റ ദിവസം 227 കേസ്, 3 പേരിൽ തുടങ്ങി 1000 തൊട്ട നാൾവഴി

സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെത്തുടർന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം നൽകാമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശത്തിനെതിരെ ഗവൺമെന്റ ഡോക്ടർമാരുടെ സംഘടനയടക്കം രംഗത്തെത്തി. മദ്യ കുറിപ്പടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ സംസ്ഥാനതലത്തിൽ പ്രതിഷേധസൂചകമായി കരിദിനം ആചരിക്കുമെന്നും എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും നാളെ ജോലിക്ക് ഹാജരാകുകയെന്നും കെജിഎംഒഎ  വ്യക്തമാക്കി.