Asianet News MalayalamAsianet News Malayalam

സൈഡ് ബിസിനസ് ഇനി വേണ്ട, സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരത്താണ് മൂന്ന് പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. വിജിലൻസിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടാണ് കേസ് അന്വേഷിക്കുക

Kerala vigilance inquiry on government staff PSC training institute
Author
Thiruvananthapuram, First Published Feb 23, 2020, 11:01 AM IST

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം തുടങ്ങി. വിജിലൻസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്ന് സ്ഥാപനങ്ങൾക്കെതിരെയാണ് അന്വേഷണം. വിജിലൻസിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് ഡിവൈഎസ്‌പി പ്രസാദാണ് കേസ് അന്വേഷിക്കുക.

സർക്കാർ ജീവനക്കാരുടെ പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനുമാണ്. ഈ ആവശ്യം ഉന്നയിച്ച് ഇരുവരും വിജിലൻസിന് കത്ത് നൽകിയിരുന്നു. തിരുവനന്തപുരത്താണ് മൂന്ന് പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ ഈ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലാണ്. 

മൂന്ന് ഉദ്യോഗസ്ഥരിൽ രണ്ട് പേർ ദീർഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റൊരാൾ സർവീസിൽ തുടരുന്നുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ ഉടമസ്ഥത ഇവരുടെ പേരിലല്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഉദ്യോഗാർത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിലൊരാൾ കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു. ഉദ്യോഗാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഈ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് നൽകി തുടങ്ങിയ ആരോപണങ്ങളാണ് ഉദ്യോഗസ്ഥർക്ക് എതിരെ ഉയർന്നിരിക്കുന്നത്.

ഈ ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദമായ പരിശോധന, പിഎസ്‌സി ജീവനക്കാരുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios