തിരുവനന്തപുരം: തിരുവനന്തപുരം തമലത്ത് പട്ടാപ്പകൽ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സംസാര ശേഷിയില്ലാത്ത അമ്മയെ കത്തി കാട്ടി പേടിപ്പിച്ച് പ്രതികൾ രക്ഷപ്പെട്ടു.

വൈകിട്ട് നാല് മണിക്കാണ് സംഭവം. അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയിൽ നിന്ന് ഇറങ്ങി വന്ന അമ്മ കണ്ടത് രണ്ട് പേര് ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതാണ്. ഉടൻ തന്നെ കുട്ടിയെ അമ്മ പിടിച്ച് വലിച്ചു. ഈ സമയം കുട്ടിയെ പിടിച്ചിരുന്ന പ്രതി അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. പിടി വിടാതായതോടെ മതിലിന്‍റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു പ്രതി മുളകുപ്പൊടി എറിഞ്ഞു രക്ഷപ്പെട്ടുവെന്ന് അമ്മ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത് കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം, കൊല്ലത്തെ കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നിരുന്നു. രാവിലെ സ്കൂളുകളിലേക്ക് നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. സ്കൂളിലേക്ക് ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. 

നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടി സ്ത്രീയെ നാട്ടുകാര്‍ പൊലീസിൽ ഏൽപ്പിച്ചു