കോഴിക്കോട്: ഇന്ന് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടറുടെ വിശദീകരണം. നിസാമുദ്ദീനിലെ മർക്കസിൽ തബ്‌ലീഗ് സമ്മളനത്തിൽ പങ്കെടുത്ത നാല് പേർക്കും വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ ആർക്കും അധികം സമ്പർക്കമില്ലെന്നും അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ദുബൈയിൽ നിന്ന് നെടുമ്പാശ്ശേരിയിലാണ് വിമാനമിറങ്ങിയത്. ഇവിടെ നിന്ന് ടാക്സിയിൽ നാദാപുരത്ത് പോവുകയായിരുന്നു. നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിന് പോയ നാലുപേരുടെയും റൂട്ട് മാപ്പ് ലഭിച്ചിട്ടുണ്ട്. ഇവരിൽ മൂന്ന് പേരും ഒരേ ട്രെയിനിലാണ് തിരിച്ച് വന്നത്. മാർച്ച് 22 ന് നവീൻ എക്‌സ്പ്രസിലായിരുന്നു മൂവരും തിരിച്ചെത്തിയത്.

അതേസമയം നാലാമത്തെയാൾ മാർച്ച് 15 നാണ് നാട്ടിലെത്തിയത്. ഇയാൾ നിസാമുദ്ദീൻ എക്‌സ്പ്രസിലായിരുന്നു വന്നത്. ഇവരിലൊരാൾ പന്നിയങ്കര സ്വദേശിയാണ്. രണ്ട് പേർ കുറ്റ്യാടി സ്വദേശികളും ഒരാൾ പേരാമ്പ്ര സ്വദേശിയുമാണ്. ദുബൈയിൽ നിന്ന് വന്നയാൾ നാദാപുരം സ്വദേശിയാണ്. രോഗം സ്ഥിരീകരിച്ച ആർക്കും വലിയ സമ്പർക്കങ്ങൾ ഇല്ല. ഇവർ അഞ്ച് പേരുടെയും കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ പത്തനംതിട്ട, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ നിന്നുള്ളവരാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ദില്ലിയില്‍ നിന്ന് വന്നതാണ്. കണ്ണൂര്‍, കാസർകോട് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും നാല് പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

ലോകത്തെ 207 രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.