Asianet News MalayalamAsianet News Malayalam

യുഎപിഎ അറസ്റ്റ്: നഗര മാവോയിസ്റ്റുകളെന്ന് പൊലീസ്, അന്വേഷണം കൂടുതൽ പേരിലേക്ക്

ലഘുലേഖകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല അറസ്റ്റ്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകൾ കയ്യിലുണ്ടെന്ന് പൊലീസ്. ഓടി രക്ഷപ്പെട്ട മൂന്നാമന് വേണ്ടി തെരച്ചിൽ, അന്വേഷണം കൂടുതൽ പേരിലേക്ക്. 

kozhikode uapa arrest accused were urban Maoist says police
Author
Kozhikode, First Published Nov 3, 2019, 10:21 AM IST

കോഴിക്കോട്: മാവോയിറ്റ് ബന്ധം ആരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിയിൽ ന്യായീകരണവുമായി പൊലീസ്. പന്തീരാങ്കാവ് അറസ്റ്റ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിനത്തിലാണ് എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. റോന്ത് ചുറ്റലിനിടെ ലഘുലേഖാ വിതരണം ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്നല്ല അറസ്റ്റ്. അറസ്റ്റിലായ യുവാക്കളുടെ പ്രവര്‍ത്തനം നാളുകളായി നിരീക്ഷിച്ച് വരികയാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വച്ചതിനോ വിതരണം ചെയ്തതിനോ മാത്രമല്ല അറസ്റ്റെന്നും യുഎപിഎ ചുമത്താവുന്ന വിധത്തിൽ ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവ് കയ്യിലുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. 

കാട്ടിൽ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളല്ല അറസ്റ്റിലായവര്‍. ഇവരുടെ ആശയങ്ങൾ നഗരത്തിൽ നടപ്പാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. പൊലീസിന്‍റെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാൾ കോഴിക്കോട് സ്വദേശിയാണെന്നും ഇയാളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കയ്യിലുണ്ടെന്നും പൊലീസ് പറയുന്നു. കൂടുതൽ പേര്‍ നിരീക്ഷണത്തിലാണ്. 

അതിനിടെ പന്തീരാങ്കാവിൽ സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് നടപടിക്കെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. പൊലീസിന്‍റേത് ധൃതിപിടിച്ച നടപടിയാണെന്നാണ്  പാര്‍ട്ടി ആക്ഷേപം. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമത്താവുന്നത്ര വലിയ കുറ്റമല്ലെന്നും സിപിഎം പ്രാദേശിക ഘടകം നിലപാടെടുത്തിരുന്നു. അലന് നിയമസഹായം നൽകുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: അലനും താഹയും കോഴിക്കോട് ജയിലിൽ തുടരും: തീരുമാനം ഇരുവരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നതിനാൽ

Follow Us:
Download App:
  • android
  • ios