കോഴിക്കോട്: കേരളത്തിലെ കാര്‍ഷികമേഖല നേരിടുന്ന തകര്‍ച്ചയില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധപതിയണമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നാണ്യവിളകളും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടെ എല്ലാ വിളകളും വിളവെടുക്കാനാവാതെയും വിലത്തകര്‍ച്ചയിലും വന്‍ പ്രതിസന്ധി നേരിടുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

വിളകള്‍ വാങ്ങാനുള്ള അടിയന്തര സംവിധാനമാണ് ഉണ്ടാകേണ്ടത്. കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലേക്കും കടക്കെണിയിലേക്കും വീണിരിക്കുന്നു. അവരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.  പച്ചക്കറിക്കൃഷിക്കാരില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി സംഭരിക്കണം. കേരളത്തില്‍ പലയിടത്തും പച്ചക്കറികള്‍ സംഭരിക്കാന്‍ പറ്റാത്ത സ്ഥിതിയുമുണ്ട്. 

നെല്ല്, റബ്ബര്‍,സുഗന്ധവ്യജ്ഞന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. സ്വാകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പല ബാങ്കുകളില്‍ നിന്നും വന്‍ തുകയെടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കൊണ്ട് കര്‍ഷകര്‍ക്ക് വലിയ ഗുണമില്ല. മാസത്തവണ മുടങ്ങാത്തവര്‍ക്കാണ് മൊറട്ടോറിയത്തിന്റെ ഗുണഫലം ലഭിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.