Asianet News MalayalamAsianet News Malayalam

കോയമ്പത്തൂര്‍ അപകടത്തില്‍ മരിച്ചവരുടെ  മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നു; സംസ്ക്കാരം പിന്നീട്

അപകടത്തില്‍ മരിച്ച കണ്ടക്ടർ വി ആർ ബൈജുവിന്റെ മൃതദേഹം എറണാകുളത്ത് എത്തിച്ചു. എറണാകുളം ബസ് സ്റ്റാൻഡിൽ ബൈജുവിന് ആദരാഞ്ജലി അർപ്പിക്കുകയാണ് സഹപ്രവർത്തകരടക്കമുള്ളവർ.

ksrtc bus accident dead bodies returned to home kerala
Author
Thiruvananthapuram, First Published Feb 20, 2020, 9:48 PM IST

തിരുപ്പൂർ: തമിഴ്‌നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നു. അപകടത്തില്‍ മരിച്ച കണ്ടക്ടർ വി ആർ ബൈജുവിന്റെയും ഡ്രൈവർ വിഡി ഗിരീഷിന്റെയും  മൃതദേഹങ്ങള്‍ എറണാകുളത്ത് എത്തിച്ചു. എറണാകുളം ബസ് സ്റ്റാൻഡിൽ ഇരുവര്‍ക്കും സഹപ്രവർത്തകരടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. 

അപകടത്തില്‍ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോള്‍, തൃശൂർ അരിമ്പൂർ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു,  ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും വീട്ടിൽ എത്തിച്ചിട്ടുണ്ട്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സച്ചെലവും സർക്കാർ വഹിക്കും. 

തമിഴ്‌നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. 20 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് ദുരന്തത്തിൽപ്പെട്ടത്. കണ്ടെയ്നര്‍ ലോറി ഡ്രൈവറായ ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽനിന്ന് ടൈൽസുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്നർ ലോറി.
ഡിവൈഡറിൽ കയറി എതിർവശത്തുകൂടി വരുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

ടൈൽസും ഗ്രാനൈറ്റും അടക്കം ഭാരമേറിയ വസ്തുക്കളുള്ള ലോറിയായതിനാൽ ഇടിയുടെ ആഘാതം കൂടി. ബസിന്‍റെ വലതു ഭാഗം പൂര്‍ണമായും തകര്‍ന്നു. മരിച്ചവര്‍ എല്ലാം ഈ ഭാഗത്ത് ഇരുന്നവരാണ്. ബസ് ഡ്രൈവറും കണ്ടട്കറും തൽക്ഷണം മരിച്ചു. അപകട സമയത്ത് യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് തമിഴ്നാട് പൊലീസ് നിഗമനം.എന്നാൽ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് ഡ്രൈവറുടെ വാദം.

 

Follow Us:
Download App:
  • android
  • ios