Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് കെഎസ്ആർടിസി മിന്നൽ പണിമുടക്ക്: നഗര, ദീർഘദൂര സർവീസുകളില്ല; പ്രതിഷേധിച്ച് യാത്രക്കാര്‍

തലസ്ഥാനത്ത് ഗതാഗതക്കുരുക്കും യാത്രാ ദുരിതവും. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സർവീസുകള്‍ ജീവനക്കാര്‍ നിർത്തിവച്ചത്.

ksrtc strike in thiruvananthapuram city
Author
Thiruvananthapuram, First Published Mar 4, 2020, 1:40 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആ‌ർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം മൂന്ന് മണിക്കൂറിലേറെയായി ഗതാഗതം തടസ്സപ്പെട്ടു. കിഴക്കേകോട്ടയിൽ നിന്നുള്ള കെഎസ്ആർ​ടി​സി സിറ്റി ബസ് സർവീസുകൾ നിർത്തിവച്ചു. തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവീസുകളും ജീവനക്കാർ തടയുന്നു. എറ്റിഒ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് കെഎസ്ആ‌ർടിസി ജീവനക്കാരുടെ പ്രതിഷേധം. ദുരിതത്തിലായ യാത്രക്കാര്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചു.

തലസ്ഥാനത്ത് ഗതാഗതക്കുരുക്കും യാത്രാ ദുരിതവും തുടരുകയാണ്. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സർവീസുകള്‍ ജീവനക്കാര്‍ നിർത്തിവച്ചത്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സർവ്വീസ് നടത്തിയ സ്വകാര്യ ബസ് കെഎസ്ആർടിസി എടിഒ തടഞ്ഞു. സ്വകാര്യ ബസ്സിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരെ എടിഒ മ‍ർദ്ദിച്ചതായും പരാതിയുണ്ട്. ഈ സംഭവത്തില്‍ എടിഒയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സമരം തുടങ്ങിയത്. എറ്റിഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്, ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യം സിറ്റി സർവ്വീസുകളാണ് നിർത്തിവെച്ചതെങ്കിലും പിന്നീട് തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവ്വീസുകളും ജീവനക്കാർ നിർത്തിവെച്ചു. യാത്രക്കാർ പലരും ബസില്‍ കയറിയെങ്കിലും ബസ്സെടുക്കാൻ ജീവനക്കാർ തയ്യാറാകുന്നില്ല. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുന്നിൽ കെഎസ്ആർ​ടി​സി ജീവനക്കാർ പ്രതിഷേധിക്കുകയാണ്. കിഴക്കേക്കോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നുവെന്നാണ് കെഎസ്ആർടിസി ജീവനക്കാർ ആരോപിക്കുന്നത്.

Follow Us:
Download App:
  • android
  • ios