07:55 AM (IST) Sep 28

മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടങ്ങി സിബിഐ

മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടങ്ങി സിബിഐ. ഇംഫാലിൽ എത്തിയ സിബിഐ സംഘം കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങളിൽ നിന്ന് മൊഴി എടുത്തു. അന്വേഷണത്തിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ബീ രേൻ സിങ്ങ് അറിയിച്ചു.ഇതിനിടെ മണിപ്പൂരിൽ സംഘർഷം തുടരുകയാണ്.ഇന്നലെ പ്രതിഷേധക്കാർ പൊലീസിൻ്റെ ജീപ്പ് ആക്രമിച്ച് ആയുധങ്ങൾ കവർന്നു. ഇoഫാലിൽ കർഫ്യൂ ഇളവ് പിൻവലിച്ചു

07:55 AM (IST) Sep 28

ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി, നാളെ ആദ്യ സന്നാഹമത്സരം

ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. നാളെയാണ് പാകിസ്ഥാന്റെ ആദ്യ സന്നാഹമത്സരം. അയൽക്കാരണാണെങ്കിലും മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തി. ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനം ഇല്ലാത്തിനാൽ ദുബായ് വഴിയായായിരുന്നു പാകിസ്ഥാൻ ടീമിന്റെ യാത്ര. ഇതിനിടെ പാക് ടീം ദുബായിൽ ചെലവഴിച്ചത് ഒൻപത് മണിക്കൂർ. പാകിസ്ഥാൻ ടീം ഇന്ത്യയിൽ കളിക്കാനെത്തുന്നത് 2016ന് ശേഷം ആദ്യമായി. പരിക്കേറ്റ നസീം ഷാ ഇല്ലാതെയാണ് ബാബർ അസമും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്. മുഹമ്മദ് നവാസും സൽമാൻ അലി ആഘയും ഒഴികെ ടീമിലെ ആരും ഇതിന് മുൻപ് ഇന്ത്യയിൽ കളിച്ചിട്ടില്ല. ഇത് ടീമിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവില്ലെന്ന് ബാബർ അസം പറഞ്ഞു. നാളെ ന്യുസീലൻഡിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ സന്നാഹമത്സരം. ഒക്ടബോർ മൂന്നിന് ഓസ്ട്രേലിയയുമായും പരിശീലന മത്സരം കളിക്കും. ആറിന് നെതർലൻഡ്സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഒക്ടോബർ പതിനാലിന് അഹമ്മദാബാദിൽ

07:53 AM (IST) Sep 28

ഓസീസിന് ആശ്വാസ ജയം, ഇന്ത്യക്ക് 66 റൺസ് തോൽവി

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 66 റൺസ് തോൽവി. 352 റൺസ് പിന്തുടർന്ന ഇന്ത്യ 286 റൺസിന് പുറത്തായി. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരന്പര സ്വന്തമാക്കിയിരുന്നു.

07:50 AM (IST) Sep 28

നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുത്ത ക്ലബ്ബുകളെയും ചുണ്ടന്‍വള്ളങ്ങളെയും വഞ്ചിച്ച് സര്‍ക്കാര്‍

നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുത്ത ക്ലബ്ബുകളെയും ചുണ്ടന്‍വള്ളങ്ങളെയും വഞ്ചിച്ച് സര്‍ക്കാര്‍. ഗ്രാന്‍റും ബോണസും ഇനിയും നൽകിയില്ല, കൊടുത്തത് ഒരു ലക്ഷം അഡ്വാന്‍സ് മാത്രം. പണമില്ലെന്ന് വിശദീകരണം. പ്രതിസന്ധി കടുത്തതോടെ ചാന്പ്യന്‍സ് ബോട്ട് ലീഗ് ബഹിഷ്ക്കരിക്കാൻ ആലോചിച്ച് ക്ലബുകൾ. പുന്നമടയിലെ കായല്‍പ്പരപ്പുകളെ ഇളക്കി മറിച്ച് , ആവേശം വാനോളമുയര്‍ത്തി നെഹ്റു ട്രോഫി ജലമേള നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12 ന്.ആഘോഷമെല്ലാം മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മടങ്ങി. പക്ഷെ സര്‍ക്കാരിന‍്റെ വാക്കും കേട്ട് സ്വന്തം പോക്കറ്റില്‍ നിന്നും കടംവാങ്ങിയും പണം മുടക്കിയ ക്ലബ് ഉടമകളെ സര്‍ക്കാര് ഇത് വരെ തിരിഞ്ഞു നോക്കിയിടട്ടില്ല. ഗ്രാന്‍റ് ഇനത്തില്‍ നല്‍കേണ്ടത് ഒരു കോടി രൂപ. ബോണസിന്‍റെ അവസ്ഥയും ഇത് തന്നെ. വള്ളംകളി സംഘാടകരായ എനടിബിആര് സൊസൈറ്റിയും ടൂറിസം വകുപ്പ് വഴിയുമാണ് സര്‍ക്കാര് ഇത് നല്‍കേണ്ടത്. സര്‍ക്കാരിന‍റെ കൈയില്‍ പണമില്ലെന്നാണ് മറുപടി. ഇപ്പോള്‍ തുഴച്ചിലുകാര്‍ക്ക് പോലും വേതനം നല്‍കാതെ ബുദ്ധിമുട്ടുകയാണ് നെഹ്റുട്രോഫിക്കിറങ്ങിയ ക്ലബ്ലുകള്‍.

07:49 AM (IST) Sep 28

കരുവന്നൂർ കള്ളപ്പണകേസിൽ പിആർ അരവിന്ദാക്ഷന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കരുവന്നൂർ കള്ളപ്പണകേസിൽ പിആർ അരവിന്ദാക്ഷന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തട്ടിപ്പിന്റെ പങ്ക് പറ്റിയവരെ കണ്ടെത്താൻ ഇഡി ശ്രമം. കേരളാ ബാങ്ക് വൈസ് പ്രസിഡണ്ട് എംകെ കണ്ണനെ നാളെ ചോദ്യം ചെയ്യും.

07:49 AM (IST) Sep 28

ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശിയുടെ മൊഴി ഇന്നെടുക്കും

ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശിയുടെ മൊഴി ഇന്നെടുക്കും. നീക്കം ആരോപണവിധേയനായ അഖിൽ മാത്യുവിന്റെ പരാതിയിലെടുത്ത കേസിൽ. കത്തിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷണം നടക്കും. ആരോഗ്യകേരളത്തിന്‍റെ ഓഫിസിൽ പരിശോധനക്ക് പൊലീസ്.

07:48 AM (IST) Sep 28

രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ട് ഒരു വർഷം

രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ട് ഒരു വർഷം. രാജ്യവിരുദ്ധപ്രവർത്തനങ്ങളുടെ പേരിലാണ് ആഭ്യന്തരമന്ത്രാലയം പിഎഫ്ഐയെ അഞ്ച്
വർഷത്തേക്ക് നിരോധിച്ചത്. നിരോധനം പിന്നീട് യുഎപിഎ ട്രൈബ്യൂണൽ ശരിവെച്ചു. പിഎഫ്ഐ ഭാരവാഹികളായിരുന്ന മുതിർന്ന നേതാക്കൾ ഇപ്പോഴും ജയിലിലാണ്.

07:48 AM (IST) Sep 28

പാലക്കാട്‌ കരിങ്കരപ്പുള്ളിയിൽ ഷോക്കേറ്റ് 2 യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ

പാലക്കാട്‌ കരിങ്കരപ്പുള്ളിയിൽ ഷോക്കേറ്റ് 2 യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ. ഇന്നലെ രാത്രിയാണ് ആനന്ദകുമാറിനെ ഒറ്റപ്പാലം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് റിമാൻഡ്. മനപൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃതമായി വൈദ്യുതി ഉപയോഗിക്കൽ എന്നീ വകുപ്പുകളാണ് ഇയാളുടെ പേരിൽ ചുമത്തിയത്. പന്നിക്ക് വച്ച വൈദ്യുത കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചത്. സംഭവം പൊലീസിൽ അറിയിക്കാതെ, ആനന്ദകുമാർ മൃതദേഹം കുഴിച്ചുമൂടികയായിരുന്നു.

07:47 AM (IST) Sep 28

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ ഇടനിലക്കാരന്‍ പിടിയിൽ, 3 ദിവസത്തെ ഇഡി കസ്റ്റഡിയിൽ

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ ഇടനിലക്കാരനായ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റുചെയ്തതോടെ, കെ.കെ.എബ്രഹാമിനെതിരായ നീക്കവും വൈകാതെയുണ്ടാകും. കെ.കെ.എബ്രഹാം ഭരണസമിതിയുടെ പ്രസിഡൻ്റായ കാലത്താണ് വായ്പാത്തട്ടിപ്പ് നടന്നത്. എബ്രഹാമിൻ്റെ വിശ്വസ്തരിൽ പ്രധാനിയായ സജീവൻ ,കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചോദ്യംചെയ്യാൻ വിളിപ്പിച്ച സജീവനെ ഇഡി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സജീവനെ മൂന്ന് ദിവസത്തെ ഇഡി കസ്റ്റഡിയിലും വിട്ടു. സജീവനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടർനടപടി. വായ്പാതട്ടിപ്പിന് ഇരയായ രാജേന്ദ്രൻ്റെ മരണത്തിന് പിന്നാലെയാണ് കേസ് അന്വേഷണം ഊർജ്ജിതമായതും പ്രതികൾ അറസ്റ്റിലായതും. തുച്ഛമായ വിലയുള്ള ഭൂമിക്ക് ബെനാമി വായ്പ, ബാങ്ക് നിയമാവലിക്ക് വിരുദ്ധമായി വായ്പ, ഈട് വസ്തുവിൻ്റെ യത്ഥാർത്ഥ രേഖയില്ലാതെ വായ്പ തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നത്

07:47 AM (IST) Sep 28

കോട്ടയം ചിങ്ങവനത്ത് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1 കോടി രൂപ കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി കവര്‍ന്ന കേസിലെ മുഖ്യപ്രതി 2 മാസമായിട്ടും കാണാമറയത്ത്. ഫൈസൽ രാജിന് ഒളിവിൽ പോകാൻ പൊലീസിന്റെ സഹായം കിട്ടിയെന്ന് സംശയം.തൊണ്ടി മുതല്‍ കണ്ടെത്താനുളള അന്വേഷണവും നിലച്ച മട്ടിലെന്നാണ് വ്യാപകമാവുന്ന ആരോപണം. മുമ്പും സമാനമായ കവര്‍ച്ച കേസുകളില്‍ പ്രതിയായ ഫൈസല്‍ രാജ് കോട്ടയം പൊലീസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതിനു പിന്നില്‍ പൊലീസുദ്യോഗസ്ഥരില്‍ ചിലരുടെ തന്നെ സഹായം കിട്ടിയിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുകയാണ്. മുമ്പ് പത്തനാപുരത്ത് നിന്ന് ആറു കോടിയോളം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍‍ അറസ്റ്റിലായ ഫൈസലില്‍ നിന്ന് പകുതി സ്വര്‍ണം പോലും തിരിച്ചു പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നുമില്ല.

07:47 AM (IST) Sep 28

പി വി അൻവറിനെതിരായ മിച്ചഭൂമി കേസിൽ താമരശേരി ലാന്‍ഡ് ബോര്‍ഡ് വൻ അട്ടിമറി നടത്തിയെന്ന് പരാതിക്കാരൻ

പി വി അൻവറിനെതിരായ മിച്ചഭൂമി കേസിൽ താമരശേരി ലാന്‍ഡ് ബോര്‍ഡ് വൻ അട്ടിമറി നടത്തിയെന്ന് പരാതിക്കാരൻ. പിടിച്ചെടുക്കേണ്ട ഭൂമി ആറേക്കറായി ചുരുക്കിയതിനു പിന്നിൽ ഉദ്യോഗസ്ഥ ഒത്തുകളിയെന്ന് ആരോപണം. അതേസമയം ഭൂപരിധി നിയമത്തിലെ ഇളവുകൾ ആണ് അനുവദിച്ചതെന്ന് ലാൻഡ് ബോർഡ്.പി വി അൻവറിന്‍റെയും കുടുംബത്തിന്‍റെയും പേരിലുളളതായി ലാൻഡ്ബോർഡ് കണ്ടെത്തിയത് 31.26 ഏക്കർ ഭൂമി. ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്നതിലും അധികമുളള 19.26 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ കഴിഞ്ഞ മാസമാണ് താമരശ്ശേരി താലൂക്ക് ലാൻഡ്ബോ‍ർഡ് ചെയർമാൻ നോട്ടീസയച്ചത്. 2007ൽത്തന്നെ അനവർ ഭൂപരിധി ലംഘിച്ചതായും ലാൻഡ് ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ അൻവർ നൽകിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ കുടുംബാഗങ്ങൾക്കുൾപ്പെടെ 21.72 ഏക്കർ ഭൂമി മാത്രമാണുളളതെന്നും അധികമുളള 6.24ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നുമാണ് ലാൻഡ് ബോർഡ് ഏറ്റവുമൊടുവിൽ ഇറക്കിയ ഉത്തരവിലുളളത്.