08:05 AM (IST) Sep 01

മന്ത്രിമാർ വിദേശ യാത്രകൾ പോകരുത്, നിർദ്ദേശിച്ച് ബിജെപി നേതൃത്വം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് കേന്ദ്രം

പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിൽ കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കാൻ നിർദ്ദേശിച്ച് ബിജെപി നേതൃത്വം. പ്രത്യേക പാർലമെൻറ് സമ്മേളന സമയത്ത് യാത്രകൾ റദ്ദാക്കണമെന്നാണ് മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്ന വിഷയം ബിജെപി പാർലമെൻ്ററി ബോർഡ് ചർച്ച ചെയ്തിട്ടില്ലെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്നറിയുന്നത്. അതേസമയം, വനിതാ സംവരണ ബില്ല് നടപ്പാക്കാൻ പാർട്ടി തയ്യാറെന്നും സൂചനയുണ്ട്. 

08:04 AM (IST) Sep 01

തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി, നഗരവീഥികൾ കീഴടക്കാൻ പെൺപുലികളും

അരമണി ഇളക്കി മേള അകമ്പടിയിൽ ഇന്ന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും. രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചയോടെ മേളക്കാരുമെത്തും. പിന്നാലെ പുലിപ്പുറപ്പാട്.

08:04 AM (IST) Sep 01

പുതുപ്പള്ളിയിൽ അച്ഛനും മകനും 'നേർക്കുനേർ'; ചാണ്ടി ഉമ്മനായി ഇന്ന് ആന്റണിയെത്തും, ലിജിനായി അനിൽ ആന്റണിയും

ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയിൽ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്. അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി മകൻ അനിൽ ആന്റണിയും പ്രചാരണ രംഗത്തുണ്ട്.

08:03 AM (IST) Sep 01

തെരഞ്ഞെടുപ്പ് നേരത്തെയെന്ന് സൂചന, ഇന്ത്യ മുന്നണിയിൽ തിരക്കിട്ട നീക്കങ്ങൾ; സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും

പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിൽ ആക്കാൻ ആണ് തീരുമാനം. 

08:03 AM (IST) Sep 01

ഹർഷിന കേസ്: പുതുക്കിയ പ്രതിപ്പട്ടികയുമായി പൊലീസ് കോടതിയിലേക്ക്; രണ്ടു ഡോക്ടർമാരും രണ്ടു നഴ്‌സുമാരും പ്രതികൾ

പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപട്ടിക ഇന്ന് കോടതിയിൽ സമർപ്പിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർ, രണ്ടു നഴ്‌സുമാർ എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്.