07:31 AM (IST) Jul 29

വിഡി സതീശന്‍ കടുപ്പിച്ചു; നേതാക്കള്‍ തമ്മിലുള്ള ഭിന്നിപ്പില്‍ അച്ചടക്കനടപടികളിലേക്ക് നേതൃത്വം,റിപ്പോർട്ട് തേടി

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഭിന്നിപ്പില്‍ സമാനതകളില്ലാത്ത അച്ചടക്ക നടപടികളിലേക്ക് കേന്ദ്ര നേതൃത്വം നീങ്ങുന്നത് വിഡി സതീശന്‍റെ കടുംപിടുത്തം കാരണം. അപമാനിതനായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാട് കേന്ദ്രനേതാക്കളെ അറിയിച്ചതോടെയാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എഐസിസി ആവശ്യപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയാണ് വാര്‍ത്ത ചോര്‍ത്തല്‍ അന്വേഷിക്കുന്നത്

07:31 AM (IST) Jul 29

വഞ്ചിയൂർ എയര്‍ഗൺ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന നിഗമനത്തിൽ പൊലീസ്, വിവിധ സംഘങ്ങളായി അന്വേഷണം

തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയെന്ന നിഗമനത്തിൽ പൊലീസ്. ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തെരെഞ്ഞെടുത്തതും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടിയാകുമെന്നാണ് നിഗമനം. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്. വ്യാജ നമ്പ‍ർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴിയും യത്ര ചെയ്തിരിക്കുന്നത്. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്. 

07:30 AM (IST) Jul 29

മാസപ്പടിക്കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാഷ്ടീയ പ്രേരിതമായ ആരോപണമാണെന്നും വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. സിഎംആർല്ലും എക്സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ ഇരുകമ്പനികൾക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹ‍ർജിക്ക് പിന്നിലെന്നുമാണ് നിലപാട്. 

07:30 AM (IST) Jul 29

മാന്നാർ കല കൊലപാതകക്കേസ്; ഭർത്താവിനെ നാട്ടിലെത്തിക്കാൻ കടമ്പകളേറെ, തിരിച്ചടികളിൽ കുഴങ്ങി അന്വേഷണ സംഘം

മാന്നാർ കല കൊലപാതകക്കേസിലെ ഒന്നാം പ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ പുതിയ അപേക്ഷ സമർപ്പിച്ച് അന്വേഷണ സംഘം. റെഡ്കോർണർ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാൻ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

07:29 AM (IST) Jul 29

കോച്ചിംഗ് സെൻ്ററിലെ ദുരന്തം; ലൈബ്രറിയും ക്ലാസ്റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായി, പ്രതിഷേധവുമായി വിദ്യാർഥികൾ

കോച്ചിംഗ് സെൻ്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്‌മെൻ്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണെന്ന് കണ്ടെത്തി. ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദില്ലി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.