Asianet News MalayalamAsianet News Malayalam

മീടൂ ആരോപണം: നടൻ വിനായകനെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു

ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ മൃദുലാ ദേവി ശശിധരനാണ് നടൻ വിനായകനെതിരെ ഫേസ്‍ബുക്കിലൂടെ ആരോപണമുന്നയിച്ചത്. അശ്ലീലച്ചുവയോടെ സംസാരിച്ചെന്നായിരുന്നു ആരോപണം. 

me too allegation against actor vinayakan case registered
Author
Kalpetta, First Published Jun 14, 2019, 6:41 PM IST

വയനാട്: യുവതിയോട് മോശമായി ഫോണിലൂടെ സംസാരിച്ചതിന് നടൻ വിനായകനെതിരെ കേസ്. ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ മൃദുലാ ദേവി ശശിധരൻ നൽകിയ പരാതിയിൽ കൽപ്പറ്റ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120-O എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി വിളിച്ചുപ്പോൾ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കിൽ എഴുതിയിരുന്നു. ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല എഴുതി. 

വിനായകനെതിരായ ജാതീയാധിക്ഷേപങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നപ്പോഴുള്ള പ്രതികരണമായാണ് മൃദുലാ ദേവി ശശിധരൻ ഫേസ്ബുക്കിൽ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആർഎസ്എസ്സിന്‍റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞത്. ഇതേത്തൂടർന്ന് ജാതീയമായ അധിക്ഷേപമടക്കം സാമൂഹ്യമാധ്യമങ്ങളിൽ വിനായകനെതിരെ ഉയർന്നു. ഇതിന് മറുപടിയായി സ്വന്തം പ്രൊഫൈലിൽ അയ്യ(പ്പ)ന്‍റെയും കാളിയുടെയും ചിത്രം പോസ്റ്റ് ചെയ്തു വിനായകൻ. അയ്യനും കാളിയും ചേർന്നാൽ അയ്യങ്കാളി എന്നാണ് വിനായകൻ ഉദ്ദേശിച്ചതെന്ന് വിലയിരുത്തലുകളും സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചകളിൽ ഉയർന്നു. ഇതിനിടെയാണ് മൃദുല, വിനായകനിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പോസ്റ്റിട്ടത്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ല എന്ന് മാത്രമായിരുന്നു വിനായകന്‍റെ മറുപടി. 

മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ.

Follow Us:
Download App:
  • android
  • ios