തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന മരുന്നുകള്‍ എത്തിച്ചു. പൊതുവിപണയില്‍ പല മരുന്നുകള്‍ക്കും ക്ഷാമമുണ്ടെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അടിയന്തര നടപടി വന്നിരിക്കുന്നത്. ജീവിത ശൈലി രോഗങ്ങള്‍ക്കും വിവിധ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കുമുള്ള രണ്ട് മാസത്തേക്കുള്ള  മരുന്നുകളാണ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. 

25 കമ്പനികളുടെ മരുന്നുകള്‍ സംസ്ഥാനത്തെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും സ്ഥലത്തേക്ക് മരുന്നുകള്‍ കൊണ്ടുപോകേണ്ടതുണ്ടെങ്കില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക പാസ് നല്‍കും. അതുകൊണ്ട് തന്നെ വലിയ പരിശോധനകള്‍ കൂടാതെ വേഗത്തില്‍ മരുന്നുകള്‍ എത്തിക്കാന്‍ സാധിക്കും. ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ തിരുവനന്തപുരത്തെ അസിസ്റ്റന്‍റ് ഡ്രഗ്സ് കണ്‍ട്രോളറുമായി ബന്ധപ്പെടാനുള്ള നമ്പര്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.