കൊച്ചി: രാജു നാരായണ സ്വാമി വിവാദത്തിലേക്ക് സംസ്ഥാന സർക്കാരിനെ വലിച്ചിഴക്കേണ്ടതില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സംസ്ഥാന സർക്കാർ രാജു നാരായണ സ്വാമിക്കെതിരെ ഒരു റിപ്പോർട്ടും നൽകിയിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. നാളികേര വികസന ബോർഡിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് നടപടി എന്ന് പറയുന്നുണ്ടെങ്കിൽ അത് കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള വകുപ്പാണെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

Read Also: പൊട്ടിത്തെറിച്ച്, വിങ്ങിപ്പൊട്ടി രാജു നാരായണ സ്വാമി ഐഎഎസ്: ഇത് അഴിമതിക്കെതിരെ പോരാടിയതിന്‍റെ ഫലം

രാജു നാരായണ സ്വാമിയുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും ക്യാബിനറ്റിൽ നടന്നിട്ടില്ല. നാളികേര വികസന ബോർഡ് കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്ഥാപനമാണ്.  അവിടുത്തെ അഴിമതിയെ പറ്റി മറുപടി പറയേണ്ടത് കേന്ദ്ര സർക്കാരാണെന്നും സുനിൽ കുമാർ വ്യക്തമാക്കി. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥൻ ആണ് രാജു നാരായണ സ്വാമി. ഇതേ നിലപാട് ആണ് സർക്കാരിനും ഉള്ളത്. കൃഷി വകുപ്പിന്‍റെ കീഴിൽ അദ്ദേഹം കാഴ്ച വച്ചത് നല്ല സേവനമാണെന്നും അതിനാല്‍ അദ്ദേഹത്തെ കുറിച്ചുള്ള റിപ്പോർട്ടിൽ നല്ല മാർക്കാണ് നൽകിയതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.