Asianet News MalayalamAsianet News Malayalam

'ഒന്ന് തൊട്ടോട്ടെ', അലറിക്കരഞ്ഞ് അമ്മ, കൂട്ടുകാരിയെ അവസാനമായി കണ്ട് വിതുമ്പി സഹപാഠികൾ

പോസ്റ്റ്‍മോർട്ടം കഴിഞ്ഞ് കൊണ്ടുവന്ന കുട്ടിയെ തൊട്ടടുത്തെത്തി കാണാൻ അനുവദിക്കാവുന്ന സ്ഥിതിയായിരുന്നില്ല. വിതുമ്പിക്കരഞ്ഞ് ഒരു നാട് മുഴുവൻ ആ കുരുന്നിനെ അവസാനമായി ഒന്ന് കാണാനെത്തി.

missing devananda found dead family and classmates pay respects with deep pain
Author
Kollam, First Published Feb 28, 2020, 6:41 PM IST

കൊല്ലം: നെഞ്ചത്ത് ഒരു ബാഡ്‍ജ് കുത്തി ആ കുഞ്ഞുങ്ങളെത്തി. നിരനിരയായി ആ കൂട്ടുകാരിയുടെ വീട്ടിലേക്ക് നടന്ന് കയറി. കയ്യിലൊരു പിടി റോസാപ്പൂക്കളുണ്ടായിരുന്നു. വിതുമ്പിക്കരയുകയായിരുന്നു ഓരോരുത്തരും. കുഞ്ഞു ദേവനന്ദയെ എന്നും കാണുമായിരുന്ന സ്കൂളിലെ ചേച്ചിമാരും ചേട്ടൻമാരും പൊട്ടിക്കരഞ്ഞു കൊണ്ട് അടുത്തുകൂടി നടന്നു നീങ്ങി. 

ഹൃദയഭേദകമായ കാഴ്ച ആ അമ്മ പുറത്തേയ്ക്കിറങ്ങി വന്ന നിമിഷമായിരുന്നു. ''എന്‍റെ പൊന്നേ'', എന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിനരികിലേക്ക് നീങ്ങാൻ ശ്രമിച്ചു. ബന്ധുക്കളെല്ലാവരും ചേർന്ന് അവരെ പിടിച്ച് നീക്കി. രണ്ട് ദിവസം ആറ്റിൽ കിടന്നിരുന്ന കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടമടക്കം നടത്തിയതിനാൽ, കുഞ്ഞിനടുത്തേക്ക് പോകാൻ ആരെയും അനുവദിച്ചിരുന്നില്ല. 

''ഒന്ന് തൊട്ടോട്ടെ'', എന്ന് കരഞ്ഞുകൊണ്ട് അമ്മ ധന്യ ബന്ധുക്കളോട് ചോദിക്കുന്നത് കേട്ട് കൂടെ നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. അവരെ ബലം പ്രയോഗിച്ച് തിരികെ കൊണ്ടുപോകേണ്ടി വന്നു. തന്‍റെ കുഞ്ഞുപ്രാണനെ അവസാനമായി ഒന്ന് തൊടാൻ പോലുമാകാതെ ആ അമ്മ കുഴഞ്ഞുവീണു. 

നാട്ടുകാരും ബന്ധുക്കളുമെല്ലാം കുഞ്ഞിനെ കാണാനായി പള്ളിമൺ ഇളവൂരിലെ വീട്ടിലെത്തി. അമ്മമാർ വിതുമ്പിക്കൊണ്ടാണ് കുഞ്ഞിനെ കടന്ന് പോയത്. ഒരു നാട് മുഴുവൻ കണ്ണ് നിറഞ്ഞ് വിതുമ്പിയ നേരം. കുഞ്ഞിന്‍റെ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന ശ്രീ സരസ്വതി വിദ്യാനികേതനിലും, പള്ളിമണ്ണിലെ വീട്ടിലും, കുടവട്ടൂരിലെ കുടുംബവീട്ടിലും പൊതുദർശനത്തിന് വച്ചപ്പോഴും ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. 

'പൊന്നു' ഇനിയില്ലെന്നറിഞ്ഞപ്പോൾ..

'പൊന്നു' എന്നാണ് കുഞ്ഞുദേവനന്ദയെ അച്ഛനുമമ്മയും കൂട്ടുകാരും വിളിച്ചിരുന്നത്. കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് അച്ഛൻ പ്രദീപ് ഇന്ന് രാവിലെയാണ് വിദേശത്ത് നിന്നെത്തിയത്. കുട്ടിയെ കാണാനില്ലെന്ന വിവരം പൊലീസറിയിച്ചപ്പോൾ, എത്രയും പെട്ടെന്ന് ടിക്കറ്റെടുത്ത് പ്രദീപ് നാട്ടിലേക്ക് വരികയായിരുന്നു. കേരളം മുഴുവൻ കുഞ്ഞുദേവനന്ദയ്ക്കായി തെര‌ച്ചിലുമായി കൈ കോർത്തപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നു പ്രദീപും ധന്യയും ഒരു നാട് മുഴുവനും. 

പക്ഷേ, എല്ലാം ഇന്ന് രാവിലെയോടെ വിഫലമായി. മകളുടെ മരണവാർത്തയറിഞ്ഞ്, കുഞ്ഞിനെ കണ്ടുകിട്ടിയ ഇത്തിക്കരയാറ്റിനടുത്തേക്ക് എത്തിയ പ്രദീപ് പലപ്പോഴും തളർന്നു, കരഞ്ഞുവീണു. നാട്ടുകാർ താങ്ങിപ്പിടിച്ചാണ് പ്രദീപിനെ തിരികെ വീട്ടിലെത്തിച്ചത്. 

Read more at: നെഞ്ച് പിടഞ്ഞ് അമ്മമാര്‍; പക്ഷേ കുഞ്ഞുങ്ങളോട് നിങ്ങള്‍ പറയേണ്ടത്...

ഇന്നലെ രാവിലെ ഒമ്പതരയ്ക്കും പത്തരയ്ക്കും ഇടയിലാണ് ദേവനന്ദയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ നിൽക്കണേ, ഇപ്പോ വരാം അമ്മ എന്ന് പറഞ്ഞ് പിന്നിലേക്ക് പോയ അമ്മ ധന്യ കുറച്ച് നേരം കഴിഞ്ഞിട്ടും കുഞ്ഞിന്‍റെ ശബ്ദം കേൾക്കാതായപ്പോഴാണ് വന്ന് നോക്കിയത്. കുട്ടിയെ എവിടെയും കാണുന്നുണ്ടായിരുന്നില്ല. അതോടെ അവർ ബഹളം വച്ച് നാട്ടുകാരെ വിവരമറിയിച്ചു.

കുട്ടിയുടെ വീടിനടുത്ത് ഉത്സവം നടക്കുന്ന സമയമായിരുന്നു. അതിനാൽത്തന്നെ കുട്ടി സ്കൂളിൽപ്പോയിരുന്നില്ല. കുട്ടിയെ കാണാതായ വിവരമറിഞ്ഞപ്പോൾ നാട്ടുകാരും ക്ഷേത്രകമ്മിറ്റിക്കാരും ചേർന്ന് തെരച്ചിൽ നടത്തി. തുടർന്ന് കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസും അഗ്നിശമനസേനാംഗങ്ങളും തെരച്ചിൽ നടത്തി. തൊട്ടടുത്ത ഇത്തിക്കരയാറ്റിൽ ഇന്നലെ തന്നെ അന്വേഷിച്ചു, കണ്ടെത്താനായില്ല.

ഒരു കുരുന്നിനായി കേരളം മുഴുവൻ കൈകോർക്കുന്ന അഭൂതപൂർവമായ കാഴ്ചയാണ് പിന്നീട് കണ്ടത്. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാവാമെന്ന സാധ്യത കണക്കിലെടുത്ത് സിനിമാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ദുൽഖർ സൽമാനും കുഞ്ചാക്കോ ബോബനുമടക്കം നിരവധിപ്പേർ സ്വന്തം പേജിൽ കുഞ്ഞുദേവനന്ദയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചു. കേരളം ഒറ്റക്കെട്ടായി ആ ചിത്രങ്ങൾ ഷെയർ ചെയ്തു. കേരളാ പൊലീസും ദേവനന്ദയുടെ രൂപത്തിൽ മാറ്റം വരുത്തിയിരിക്കാമെന്ന കണക്കുകൂട്ടലിൽ പല തരത്തിലുള്ള ചിത്രങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടത്തി. കേരളമൊട്ടാകെ പൊലീസ് വാഹനപരിശോധന നടത്തി.

പക്ഷേ, എല്ലാം വിഫലമായി. രാവിലെയോടെ ഇത്തിക്കരയാറ്റിൽ കമിഴ്‍ന്ന് കിടക്കുന്ന തരത്തിൽ കുഞ്ഞിനെ കണ്ടെത്തി. കാട് നിറഞ്ഞ ഭാഗത്ത് മുടി വെള്ളപ്പടർപ്പിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. കുഞ്ഞിന്‍റേത് മുങ്ങിമരണമാണെന്ന് തന്നെയാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളിൽ വെള്ളവും ചെളിയുമുണ്ടായിരുന്നു. ആരും ബലം പ്രയോഗിച്ച് കുഞ്ഞിനെ വെള്ളത്തിൽ പിടിച്ച് താഴ്‍ത്തിയതിന്‍റെ പാടുകളില്ല. കാണാതായി ഒരു മണിക്കൂറിനകം കുട്ടി മരിച്ചിരുന്നുവെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നു. കുട്ടിയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മൃതദേഹത്തിലുണ്ടായിരുന്നു. ദേവനന്ദയുടെ ഷാളും സംഭവ സ്ഥലത്തുനിന്നും പൊലീസ് കണ്ടെത്തി. 

Read more at: കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചു;ബലപ്രയോഗത്തിന്‍റെ ലക്ഷണമില്ലെന്നും പോസ്റ്റ്മോർട്ടം

ദുരൂഹതയാരോപിച്ച് നാട്ടുകാർ

അതേസമയം, കുഞ്ഞിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ദേവനന്ദ തനിച്ച് പുഴയരിലേക്ക് പോകാറില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ചാത്തനൂർ അസിസ്റ്റർ കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ദേവാനന്ദയുടെ മരണം അന്വേഷിക്കാൻ ചുമതലപ്പെടുത്തി. എല്ലാ സാധ്യതകളും അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി കമ്മീഷണർ ടി നാരായണൻ വ്യക്തമാക്കി. 

കുട്ടിയെ പരിചയക്കാരെങ്കിലും പുഴയരുകിലേക്ക് കൂട്ടിക്കൊണ്ടുപോയി അപായപ്പെടുത്തയതാകാമെന്ന ആരോപണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ് പ്രത്യേക സംഘത്തിനുള്ള നിർദ്ദേശം. ദേവനന്ദയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി വൈകാതെ പൊലീസ് രേഖപ്പെടുത്തും. ആന്തരികാവശവങ്ങളുടെ രാസപരിശോധനാഫലം എത്രയും വേഗം ലഭിക്കാനും പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios