Asianet News MalayalamAsianet News Malayalam

അദാലത്ത് നടത്താൻ കെ ടി ജലീല്‍ നേരിട്ട് ഇടപെട്ടു; പ്രൈവറ്റ് സെക്രട്ടറിയുടെ കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

എല്ലാ തീരുമാനങ്ങളും ബന്ധപ്പെട്ട സര്‍വകലാശാലകളുടെ അധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്നെടുത്തതാണെന്നായിരുന്നു അദാലത്തുകളേയും മാര്‍ക്ക്ദാനത്തേയും പറ്റി ചോദിക്കുമ്പോള്‍ മന്ത്രി ജലീലിന്‍റെ മറുപടി.

more proof of k t jaleels involvement in university mark issue comes out
Author
Kottayam, First Published Dec 12, 2019, 9:40 AM IST

കോട്ടയം: സര്‍വകലാശാലകളില്‍ അദാലത്ത് നടത്താൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ നേരിട്ട് ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീൻ ഒപ്പിട്ട് നല്‍കിയ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലകളില്‍ അദാലത്തുകള്‍ നടത്തിയത്. അദാലത്തുകളില്‍ നേരിട്ട് ഇടപെട്ടിട്ടില്ല എന്ന മന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

എല്ലാ തീരുമാനങ്ങളും ബന്ധപ്പെട്ട സര്‍വകലാശാലകളുടെ അധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്നെടുത്തതാണെന്നായിരുന്നു അദാലത്തുകളേയും മാര്‍ക്ക്ദാനത്തേയും പറ്റി ചോദിക്കുമ്പോള്‍ മന്ത്രി ജലീലിന്‍റെ മറുപടി. പക്ഷേ മന്ത്രിയുടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഫെബ്രുവരി രണ്ടിന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കുറിപ്പാണിത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കുറിപ്പെന്ന് എന്ന് ആദ്യ വാചകം. 

പിന്നീട് മന്ത്രിയുടെ പരിഗണന അര്‍ഹിക്കുന്ന ഫയലുകള്‍ മന്ത്രിക്ക് കൈമാറണമെന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍റെ കുറിപ്പില്‍ പറയുന്നു. മന്ത്രിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിക്കാം എന്നതല്ലാതെ സര്‍വകലാശാലകളെ സംബന്ധിക്കുന്ന ഒരു വിഷയത്തിലും നേരിട്ട് ഉത്തരവോ കുറിപ്പോ ഇറക്കാൻ പാടില്ല എന്നാണ് നിയമം. ഷറഫുദ്ദീനാണ് എംജി സര്‍വകലാശാലയില്‍ നടത്തിയ അദാലത്തില്‍ പങ്കെടുത്തതും ബിടെകിന് എല്ലാ ചട്ടങ്ങളും മറികടന്ന് മാര്‍ക്ക് കൂട്ടി നല്‍കാൻ നിര്‍ദേശം നല്‍കിയതും എന്നാണ് ആരോപണം.

സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് ഉത്തരവിറക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ നേരിട്ട് ഉത്തരവ് നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. ഷറഫുദ്ദീന്‍റെ കുറിപ്പില്‍ ഒരു മാറ്റവും വരുത്താതെ രണ്ട് ദിവസം കഴിഞ്ഞ് ഫെബ്രുവരി നാലിന് പ്രിൻസിപ്പല്‍ സെക്രട്ടറി ഇത് ഉത്തരവായി ഇറക്കിയത് മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടേയും സമ്മര്‍ദ്ദം കൊണ്ടാണെന്നും സൂചനയുണ്ട്. 

 

Follow Us:
Download App:
  • android
  • ios