മലപ്പുറം: എംഎസ്എഫ് സംസ്ഥാന കൗണ്സിലിനിടെ നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ ആറ് പേർക്ക് സസ്പെൻഷൻ. മുഫീദ് റഹ്മാൻ നാദാപുരം, അഡ്വ കെടി ജാസിം, കെപി റാഷിദ് കൊടുവള്ളി, അർഷാദ് ജാതിയേരി,  ഇകെ ശഫാഫ് പേരാവൂർ, ഷബീർ അലി തെക്കേകാട്ട് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റേതാണ് നടപടി. സംസ്ഥാന കൗൺസിലിനിടെ നടന്ന തർക്കങ്ങളും വാക്കേറ്റവും കയ്യാങ്കളിയും സംബന്ധിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എംഎസ്എഫിൽ പികെ ഫിറോസ് വിഭാഗവും പാണക്കാട് സാദിഖലി തങ്ങൾ വിഭാഗവും തമ്മിലുള്ള തർക്കം വഷളായിരുന്നു. സംസ്ഥാന കൗൺസിൽ യോഗത്തിലെ കയ്യാങ്കളിക്ക് പിന്നാലെ പാർട്ടിയിലെ അധികാരകേന്ദ്രമായ പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെതിരെ പ്രതിഷേധിച്ച മലപ്പുറം എംഎസ്എഫ്  ജില്ലാപ്രസിഡണ്ടിനെ  നീക്കം ചെയ്തിരുന്നു.

സംസ്ഥാന കൗൺസിലിലിൽ പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും  തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് മലപ്പുറം ജില്ലാ പ്രസിഡണ്ട് റിയാസ് പുൽപ്പറ്റയെ നീക്കം ചെയ്തത്. പാണക്കാട് സാദിഖലി തങ്ങളുടെ നിർദ്ദേശപ്രകാരമാണ് നടപടി. പികെ ഫിറോസുമായി അടുപ്പം പുലർത്തുന്ന നേതാവാണ് റിയാസ്. കൗൺസിലിലെ ഭുരിപക്ഷത്തിന്റെ താൽപര്യമനുസരിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നായിരുന്നു ഇവരുടെ നിലപാട്. നിഷാദ് കെ സലീമിനെയാണ്  ഫിറോസ് പക്ഷം നിർദ്ദേശിച്ചത്. എന്നാൽ ബി.കെ നവാസിനെ അധ്യക്ഷനാക്കണമെന്നായിരുന്നു. സാദിഖലി തങ്ങളുടെ നിലപാട്.

തർക്കത്തെത്തുടർന്ന് റിട്ടേണിംഗ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. ഭാരവാഹി തെരഞ്ഞെടുപ്പ് മുടങ്ങിയതോടെയാണ് നടപടിയെടുക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്.  ലീഗ്  നേതാക്കൾ ചേരി തിരിഞ്ഞ് എംഎസ്എഫ് സംഘടനാ തെരഞ്ഞെടുപ്പിലിടപെട്ടതും തർക്കമായതും പാർട്ടിക്കുള്ളിൽ തർക്കവിഷയമായി മാറിയിട്ടുണ്ട്.