Asianet News MalayalamAsianet News Malayalam

കോടിയേരിയുടേത് വിചിത്രവാദമെന്ന് മുല്ലപ്പള്ളി, ബെഹ്റയെ വെള്ളപൂശാൻ ശ്രമമെന്നും ആരോപണം

ഡിജിപി ലോക്നാഥ് ബെഹ്റയെ വെള്ളപൂശാനാണ് കോടിയേരി ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിമ‍ര്‍ശിച്ചു. സിഎജി റിപ്പോർട്ടിൽ അഴിമതിയെ കുറിച്ച് പരാമ‍ര്‍ശിക്കുന്നില്ലെന്ന വാദം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു

Mullappally Ramachandran on Kodiyeri Balakrishnan statements over CAG report against Kerala Police
Author
Thiruvananthapuram, First Published Feb 16, 2020, 3:48 PM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡിജിപി ലോക്നാഥ് ബെഹ്റയെ വെള്ളപൂശാനാണ് കോടിയേരി ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിമ‍ര്‍ശിച്ചു. സിഎജി റിപ്പോർട്ടിൽ അഴിമതിയെ കുറിച്ച് പരാമ‍ര്‍ശിക്കുന്നില്ലെന്ന വാദം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിൽ അടിമുടി അഴിമതിയാണെന്നാണ് ചൂണ്ടിക്കാട്ടിയതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പൊലീസിലെ അഴിമതി വിശദാംശങ്ങൾ അടങ്ങിയ സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വെക്കുന്നതിന് മുൻപ് ചോര്‍ന്നത് അസാധാരണ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കടുത്ത വിമ‍ര്‍ശനം. 

റിപ്പോര്‍ട്ട് സഭയിലെത്തും മുമ്പ് ചോര്‍ന്നോ എന്ന് സിഎജി തന്നെ അന്വേഷിക്കണം. നിയമസഭയുടെ സവിശേഷ അധികാരത്തെ ബാധിക്കുന്ന കാര്യമാണ്. സിഎജി വാര്‍ത്താ സമ്മേളനം നടത്തി ഒരു ഉദ്യോഗസ്ഥന്‍റെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് അസ്വാഭാവിക നടപടിയാണ്. വെടിയുണ്ട  എണ്ണം കുറയുന്നത് സാധാരണ സംഭവമാണ്. എല്ലാകാലത്തും സംഭവിക്കുന്ന പ്രശ്നമാണ്. വിവരങ്ങൾ രേഖപ്പെടുത്തി വക്കുന്നതിലെ പാകപ്പിഴക്കപ്പുറം മറ്റൊന്നുമാകാൻ ഇടയില്ല. തോക്ക് അവിടെ തന്നെ കാണും. പൊലീസുകാർക്ക് കൊടുത്തുവിടുന്ന തിരകൾ തിരിച്ച് കൊണ്ടുവരാത്തതാകാം കാരണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. 

സിഎജി റിപ്പോര്‍ട്ടിനെ സിപിഎമ്മോ സര്‍ക്കാരോ ഭയപ്പെടുന്നില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. കേസിൽ പ്രതിയായി എന്ന കാരണം കൊണ്ട് മന്ത്രിയുടെ ഗൺമാനെ മാറ്റി നിര്‍ത്തേണ്ടതില്ല. സിഎജി യുഡിഎഫ് കാലത്തെ കാര്യങ്ങളും പരിശോധിച്ചു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങൾ പിഎസി പരിശോധിച്ച് നിയമ നടപടിക്ക് വിധേയമാക്കുന്നതിൽ എതിർപ്പില്ല. സിഎജി റിപ്പോര്‍ട്ട് തള്ളിയ ചീഫ് സെക്രട്ടറിയുടെ പ്രതികരണത്തിതിൽ തെറ്റില്ല. ആരോപണങ്ങൾക്കെതിരെ മറുപടി പറയാനുള്ള അവകാശം ചീഫ് സെക്രട്ടറിക്കുമുണ്ടെന്നും കോടിയേരി പറഞ്ഞു.ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യവും കോടിയേരി തള്ളി.

Follow Us:
Download App:
  • android
  • ios