തിരുവനന്തപുരം: ന്യൂന പക്ഷവിഭാഗങ്ങളിൽ നിന്ന് കൂടുതൽ പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിളള. മുസ്ലീംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി തങ്ങളും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാമും നാളെ ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.

മുസ്ലിം ലീഗിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റും സംസ്‌ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ്‌ അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകന്‍റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്‌റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങളുടെ കുടുംബത്തില്‍നിന്ന്‌ ഒരാളെ അംഗമാക്കുന്നതിലൂടെ മുസ്ലീം സമുദായത്തില്‍നിന്ന്‌ കൂടുതലാളുകളെ ആകര്‍ഷിക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം.