മലപ്പുറം: പൊലീസ് അക്കാദമിയുമായി ബന്ധപ്പെട്ട ബീഫ് വിവാദത്തിൽ പൊലീസ് ആണ് മറുപടി പറയേണ്ടതെന്ന് എൽഡിഎഫ് കൺവീനർ വിജയരാഘവൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ തീവ്രവാദ പരാമർശത്തോട് മുസ്ലിം ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെ കുറിച്ച് കെ സുരേന്ദ്രന്റെ അഭിപ്രായമല്ല എൽഡിഎഫിനെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബീഫ് കൊടുക്കാനോ കൊടുക്കാതെ ഇരിക്കാനോ പാർട്ടി പറയുന്നില്ല. ബീഫ് കഴിക്കേണ്ടവർക് ബീഫ് കഴിക്കാം എന്നതാണ് നിലപാട്. പൊലീസിലെ ഭക്ഷണം സംബന്ധിച്ച് പോലീസ് ആണ് പറയേണ്ടത്. അത് ഡിപ്പാർട്ട്‌മെന്റ് പരിശോധിച്ചു നൽകേണ്ടതാണ്. ഊർജം കിട്ടുന്ന എല്ലാ ഭക്ഷണവും പൊലീസിന് നൽകണമെന്നും വിജയരാഘവൻ വിശദീകരിച്ചു. സസ്യാഹാരവും മാംസാഹാരവും എല്ലാം നൽകണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ മതമൗലികവാദ സംഘടനകളോട് മുസ്ലിം ലീഗ് സഹകരിക്കുന്നുണ്ട്. അത് കേരളത്തിന്റെ മതനിരപേക്ഷതക്ക് യോജിക്കുന്നതല്ലെന്ന നയം സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ്. എസ്‌ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഉൾക്കൊള്ളിച്ച സമരം തീവ്ര ഹിന്ദുത്വ വാദികൾക്ക് അവസരം നൽകാനേ ഉപകരിക്കൂ. അതിന് ലീഗിലെ ചിലർ കൂട്ടുനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ ആകെ തീവ്രവാദി ആക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.