തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ ബാധയില്ല. ആലപ്പുഴ  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് പനി ബാധിച്ചെത്തിയ കല്ലിയൂർ സ്വദേശിയായ യുവാവിനെ കരുതൽ നടപടികളുടെ ഭാഗമായി നിരീക്ഷണത്തിലാക്കുകയായിരുന്നു.

പനി ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്ന 18കാരനായ മറ്റൊരു വിദ്യാർഥിക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്ട് നിന്ന് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ രോഗിക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇതിനിടെ കൊച്ചിയിൽ യുവാവുമായി അടുത്തിടപഴകിയ രണ്ട് പേരുടെ നിപ ഫലം കൂടി നെഗറ്റീവാണെന്ന് കണ്ടെത്തി. ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന എട്ട് പേരുടെ നിപ സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തിയത് ആരോഗ്യവകുപ്പിന് ആശ്വാസമാവുകയാണ്.

രോഗബാധ അതിജീവിക്കാൻ ആയതിൽ ആശ്വസമുണ്ടെന്നും നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം വിദഗ്‍ധർ തുടങ്ങിയതായും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.