Asianet News MalayalamAsianet News Malayalam

തിരൂരിലെ കുട്ടികളുടെ മരണം: പോസ്റ്റ്‍‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നുമില്ല

അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കൂടി ലഭിച്ച ശേഷമേ ഫലം പൂര്‍ണാകൂ.

nothing suspicious in the postmortem report of tirur child
Author
Tirur, First Published Feb 18, 2020, 9:22 PM IST

തിരൂര്‍: മലപ്പുറം തിരൂരിൽ ഒന്‍പത് വർഷത്തിനിടെ ഒരു വീട്ടില്‍ ആറ് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇന്ന് മരിച്ച കുട്ടിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കൂടി ലഭിച്ച ശേഷമേ അന്തിമഫലം ലഭിക്കൂ. 

തിരൂര്‍  തറമ്മൽ റഫീഖ് - സബ്ന ദമ്പതികളുടെ മക്കളാണ് മരിച്ചത്.മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ബന്ധുക്കൾ പ്രതികരിച്ചു. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും ഒരു  വയസിൽ താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത്. ഒരു കുട്ടി നാലര വയസിലും മരിച്ചു. 93 ദിവസം പ്രായമുള്ള ആറാമത്തെ കുട്ടിയാണ് ഇന്ന് രാവിലെ മരിച്ചത്. പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് മൃതദേഹങ്ങള്‍ കബറടക്കിയിരുന്നത്. 

തുടർച്ചയായി കുട്ടികള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന അയല്‍വാസികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കോരങ്ങത്ത് ജുമാമസ്ജിദില്‍ കബറടക്കിയ മൃതദേഹം തിരൂര്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ പൊലീസ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. അതേസമയം  കുട്ടികളുടെ  മരണത്തിൽ ദുരൂഹത ഇല്ലെന്നും  അന്വേഷണത്തോട് സഹകരിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios