Asianet News MalayalamAsianet News Malayalam

കോടതി ഉത്തരവിന് പുല്ലുവില, ആലപ്പുഴയിലെ അണ്ടർ വാട്ടർ എക്സ്പോയ്ക്ക് നഗരസഭ ലൈസൻസ് നൽകിയില്ല

ആലപ്പുഴ ബീച്ചിലെ ഓഷ്യാനസ് അണ്ടർ വാട്ടർ ടണൽ എക്സ്പോയ്ക്ക് ഇന്നലെ വൈകിട്ട് അഞ്ചുമണിക്കകം ലൈസൻസ് നീട്ടി നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ എക്സ്പോയുടെ പേരിലാണ് 10 ലക്ഷം രൂപയുടെ കോഴ ആരോപണം നഗരസഭ ചെയർമാനായ കോൺഗ്രസ് നേതാവിനെതിരെ ഉയർന്നത്

oceanus-expo-in-alappuzha municipality did not gave licence
Author
Alappuzha, First Published Jan 24, 2020, 5:36 PM IST

ആലപ്പുഴ: വിവാദമായ ഓഷ്യാനസ് അണ്ടർ വാട്ടർ എക്സ്പോയുടെ പ്രവർത്തന തീയതി നീട്ടാനുള്ള കേരള ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല. ഫ്രെബ്രുവരി രണ്ട് വരെ പ്രദർശനാനുമതി നീട്ടാനാണ് കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ നഗരസഭ സെക്രട്ടറി ഇതുവരെ ലൈസൻസ് നീട്ടി നൽകിയില്ലെന്ന് എക്സ്പോ നടത്തുന്ന നെയിൽ എന്റർടെയ്ൻമെന്റ് ഉടമ ആർച്ച പറഞ്ഞു.

ആലപ്പുഴ ബീച്ചിലെ ഓഷ്യാനസ് അണ്ടർ വാട്ടർ ടണൽ എക്സ്പോയ്ക്ക് ഇന്നലെ വൈകിട്ട് അഞ്ചുമണിക്കകം ലൈസൻസ് നീട്ടി നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ എക്സ്പോയുടെ പേരിലാണ് 10 ലക്ഷം രൂപയുടെ കോഴ ആരോപണം നഗരസഭ ചെയർമാനെതിരെ ഉയർന്നത്. ബീച്ചിൽ എക്സ്പോ നടത്താൻ മുനിസിപ്പൽ ചെയർമാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി എക്സ്പോ നടത്തിപ്പിന്റെ ചുമതലയുള്ള നീൽ എന്റർടൈൻമെന്റ് ഓപ്പറേഷൻസ് ഹെഡ് ആർച്ചാ ഉണ്ണി രംഗത്തെത്തിയിരുന്നു.

ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെയായിരുന്നു യുവസംരംഭകയുടെ ആരോപണം. നഗരസഭാ ഓഫീസിൽ വിളിച്ചുവരുത്തിയും സംഭാവന ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. കോൺഗ്രസിന്‍റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി പണം ചോദിക്കുന്നതിന്റെ ശബ്ദരേഖയും ആ‌‌ർച്ചാ ഉണ്ണി പുറത്ത് വിട്ടിരുന്നു. 

കഴിഞ്ഞ നവംബർ മാസത്തിലാണ് എക്സ്പോ തുടങ്ങാൻ തുറമുഖ വകുപ്പിന്‍റെ അനുമതിയുമായി ഇവ‌‌ർ ആലപ്പുഴയിലെത്തിയത്. എന്നാൽ നഗരസഭയടക്കം പ്രവർത്തനാനുമതി നൽകിയില്ല. ഒടുവിൽ ഹൈക്കോടതി മുഖേനെ അനുമതി വാങ്ങി ഒരു മാസം വൈകി എക്സ്പോ തുടങ്ങി. 

എന്നാൽ ആരോപണങ്ങൾ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിഷേധിക്കുയായിരുന്നു. അനധികൃതമായി പ്രവർത്തിച്ച എക്സ്പോ നിർത്തിവെയ്പ്പിച്ചത് നഗരസഭാ കൗൺസിലിന്‍റെ ഒന്നിച്ചുള്ള തീരുമാനപ്രകാരമാണെന്നും കുഞ്ഞുമോൻ പിന്നീട് വ്യക്തമാക്കി. ആരോപണമുയർന്നതോടെ ചെയർമാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ജനുവരി 22 വരെയായിരുന്നു പ്രദ‌ർശനാനുമതി. 

Follow Us:
Download App:
  • android
  • ios