Asianet News MalayalamAsianet News Malayalam

പെരിയ ഇരട്ടക്കൊല നടന്നിട്ട് ഒരു വർഷം; ആര് അന്വേഷിക്കണം എന്നതിനെ ചൊല്ലി നിയമയുദ്ധം

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതി ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഇതുവരേയും തീർപ്പായില്ല.

one year since periya double murder legal battle over cbi inquiry continues
Author
Kasaragod, First Published Feb 16, 2020, 6:45 AM IST

കാസർകോട്: കേരളത്തെ ഞെട്ടിച്ച കാസർഗോ‍ഡ് പെരിയ ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു വർഷം തികയുന്നു. കേസ് ആര് അന്വേഷിക്കണമെന്ന കാര്യത്തിൽ ഇരകളുടെ കുടുംബം ഇപ്പോഴും സർക്കാരുമായി നിയമയുദ്ധം തുടരുകയാണ്. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീൽ പോയതോടെ കേസ് അന്വേഷണവും കോടതി നടപടികളും പൂർണമായും അനിശ്ചിതത്വത്തിലായി.

കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പെരിയ കല്യോട്ട് വച്ചാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരേയും പതിയിരുന്ന അക്രമിസംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഒന്നാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരെ കൂടാതെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.എം മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരെക്കൂടി പ്രതി ചേർത്ത് കുറ്റപത്രം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതി ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഇതുവരേയും തീർപ്പായില്ല.

ഇന്നും പെരിയയിലും പരിസരങ്ങളിലും രാഷ്ട്രീയ വൈര്യത്തിന് ശമനമായിട്ടില്ല. കനത്ത പൊലീസ് സുരക്ഷയിലാണ് ഇപ്പോഴും പ്രതികളുടെ വീടുകളും കല്യോട്ട് ഗ്രാമവും.

Follow Us:
Download App:
  • android
  • ios