തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞുപിടിച്ചുള്ള മുഖ്യമന്ത്രിയുടെ ആക്രമണം അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് സിപിഎമ്മിന്‍റെ സൈബര്‍ പോരാളികള്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷമായ ആക്രമണം നടത്തുകയാണ്. ഇത്തരം നടപടികള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന യോജിപ്പിന്‍റെ അന്തരീക്ഷം തകര്‍ക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാരിന്‍റെ പല ഏകപക്ഷീയ തീരുമാനങ്ങളും മറന്നുകൊണ്ടാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യുഡിഎഫും കോണ്‍ഗ്രസും സഹകരിക്കുന്നത്. കേരളം നേരിടുന്ന വലിയ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുകയാണ്. അതിനിടിയില്‍ യോജിപ്പിന്‍റെ അന്തരീക്ഷം ഇല്ലാതാക്കരുതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തുവച്ച് 14 ഡിസിസി പ്രസിഡന്‍റുമാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ  സംസാരിച്ചിരുന്നു. ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന സന്ദേശമാണ് നല്‍കിയത്. കേരളം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ കയ്യയച്ച് സഹായിച്ചവരാണ് പ്രവാസി സമൂഹം.  അവരുടെ പ്രതിസന്ധികളിലും കേരളം അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.