നിലമ്പൂര്‍: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ പരസ്യവിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ്‌ പാർട്ടി ജനങ്ങൾക്ക്‌ മുൻപിൽ അവതരിപ്പിച്ച വ്യക്തിയാണ് രാഹുൽ ഗാന്ധി. ഇന്ന് അദ്ദേഹം എവിടെയാണ്?ജെഎൻയുവിൽ പഠിക്കുന്ന ഒരു ശരാശരി വിദ്യാർത്ഥിയുടെ രാഷ്ട്രീയ ബോധവും ഉത്തരവാദിത്വവും പോലും അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നുവെന്ന് പി വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു.

കലാപം ശക്തിപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഒരു ട്വീറ്റ്‌ പുറത്ത്‌ വന്നിരുന്നു.അതിൽ ഒരിടത്ത്‌ പോലും ആർഎസ്‌എസിനെതിരെയോ മോദിക്കോ അമിത്‌ ഷായ്ക്കോ എതിരെയോ ഒരക്ഷരം പോലും കാണാനില്ല.അത്രമാത്രം നിശബ്ദനാക്കപ്പെട്ട നേതാവിൽ ഇനിയുള്ള കാലം എങ്ങനെ ജനങ്ങൾ വിശ്വാസമർപ്പിക്കുമെന്നും പി വി അന്‍വര്‍ ചോദിക്കുന്നു.

പി വി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

"രാഹുൽ ഗാന്ധി ധരിച്ചത്‌ വില കുറഞ്ഞ ലിനൻ ഷർട്ട്‌;ഒപ്പം നീല ജീൻസും,രാവിലെ കഴിച്ചത്‌ കപ്പ പുഴുക്കും കാന്താരി ചമ്മന്തിയും,വൈകിട്ട്‌ അരീക്കോട്‌ ജംഗ്ഷനിലെ ചായക്കടയിൽ നിന്ന് അരിമുറുക്കും ഉണ്ണിയപ്പവും രുചിച്ചു"

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ ഒന്നായ വയനാട്‌ മണ്ഡലത്തിന്റെ ജനപ്രതിനിധി നാലോ അഞ്ചോ മാസം കൂടുമ്പോൾ ഒരിക്കൽ,സ്വന്തം മണ്ഡലം സന്ദർശ്ശിക്കുന്ന വേളയിൽ കേരളത്തിലെ ചില "മ"മാധ്യമങ്ങളുടെ ഫ്രണ്ട്‌ പേജിൽ അച്ചടിച്ചു വരുന്ന തലക്കെട്ടുകളാണ് മുകളിൽ!!

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രാജ്യതലസ്ഥാനം നിന്ന് കത്തുകയാണ്.ഈ സമയം വരെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി ഉയർന്നിട്ടുണ്ട്‌.ഇനിയും മരണസംഖ്യ ഉയരാനിടയുണ്ട്‌.പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ്‌ പാർട്ടി ജനങ്ങൾക്ക്‌ മുൻപിൽ അവതരിപ്പിച്ച വ്യക്തിയാണ് ശ്രീ.രാഹുൽ ഗാന്ധി.എന്നാൽ ഇന്ന് അദ്ദേഹം എവിടെയാണ്?ജെ.എൻ.യുവിൽ പഠിക്കുന്ന ഒരു ശരാശരി വിദ്യാർത്ഥിയുടെ രാഷ്ട്രീയ ബോധവും ഉത്തരവാദിത്വവും പോലും അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു.കലാപം ആരംഭിച്ച വേളയിൽ,അദ്ദേഹവും കൂടെ അഞ്ചോ ആറോ ആളുകളും സ്ഥലത്ത്‌ എത്തി ഇടപെട്ടിരുന്നു എങ്കിൽ പോലും,അദ്ദേഹത്തിന്റെ സുരക്ഷാ പ്രശ്നം മുൻനിർത്തി ദില്ലി പോലീസ്‌ ഉണർന്ന് പ്രവർത്തിച്ചേനേ.കാതങ്ങൾ അകലെയല്ല,അദ്ദേഹത്തിന്റെ കണ്ണെത്തുന്ന ദൂരത്താണീ കൊള്ളയും കൊലയും അരങ്ങേറിയത്‌.

സി.പി.ഐ.എം അടക്കമുള്ള ദില്ലിയിൽ സ്വാധീനം കുറവുള്ള സംഘടനകൾ പോലും ആദ്യം മുതൽ തന്നെ ജനങ്ങൾക്കൊപ്പം തെരുവിലുണ്ട്‌.കലാപം നടപ്പിലാക്കിയ സംഘപരിവാറും അവർക്ക്‌ നേതൃത്വം നൽകുന്ന മോദിക്കും അമിത്‌ ഷായ്ക്കും ഒപ്പം തന്നെ കുറ്റക്കാരനാണ് ഈ അവസരത്തിൽ കണ്ണടച്ച പ്രതിപക്ഷ നേതൃനിരയിലെ പ്രധാനി എന്ന് കോൺഗ്രസ്‌ അവകാശപ്പെടുന്ന അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും.അതിനാൽ,ഇരുപതിൽ ഒന്നല്ലേ എന്ന അണികളുടെ ദൈന്യത നിറഞ്ഞ ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.ഏറെ ആശ്ചര്യപ്പെടുത്തുന്ന വിവരം അദ്ദേഹം എവിടെയാണെന്ന് കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിനു പോലും അറിയില്ല എന്നുള്ളതാണ്.

കലാപം ശക്തിപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഒരു ട്വീറ്റ്‌ പുറത്ത്‌ വന്നിരുന്നു.അതിൽ ഒരിടത്ത്‌ പോലും ആർ.എസ്‌.എസിനെതിരെയോ മോദിക്കോ അമിത്‌ ഷായ്ക്കോ എതിരെയോ ഒരക്ഷരം പോലും കാണാനില്ല.അത്രമാത്രം നിശബ്ദനാക്കപ്പെട്ട നേതാവിൽ ഇനിയുള്ള കാലം എങ്ങനെ ജനങ്ങൾ വിശ്വാസമർപ്പിക്കും?

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ജനങ്ങൾ തെരുവിൽ പോരാടുകയാണ്.അതിന് നേതൃത്വം നൽകി,പ്രതിപക്ഷ കക്ഷികളെ കോർഡിനേറ്റ്‌ ചെയ്ത്‌ സമരത്തിന്റെ മുന്നണിയിൽ ഉണ്ടായിരുന്നെങ്കിൽ,ഒരിക്കലും അദ്ദേഹം വിമർശ്ശനത്തിനു ഇരയാവുമായിരുന്നില്ല.അത്‌ തന്നെയാണ് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നതും.അതിനൊന്നും തുനിയാതെ,ഒളിച്ചോടിയ സ്ഥിതിക്ക്‌ രാഹുൽ ഗാന്ധി എവിടെയെന്നെങ്കിലും വോട്ട്‌ നൽകിയ ജനങ്ങളോട്‌ കോൺഗ്രസ്‌ നേതൃത്വം വെളിപ്പെടുത്തണം.

ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ബ്രാൻഡും വിലയും,കഴിക്കുന്ന ആഹാരത്തിന്റെ വിലയും വിറ്റാമിൻ കണ്ടന്റ്‌ ചാർട്ടും,സഞ്ചരിക്കുന്ന റൂട്ടിന്റെ മാപ്പും തയ്യാറാക്കി ആഘോഷിക്കുന്ന മാധ്യമ സുഹൃത്തുക്കളേ..എവിടെ നിങ്ങളുടെ രാജകുമാരൻ?ഈ വിഷയത്തിൽ ഒരു വരിയെങ്കിലും?
ഉളുപ്പുണ്ടോന്ന് നിങ്ങളോട്‌ ചോദിക്കുന്നില്ല!