Asianet News MalayalamAsianet News Malayalam

തദ്ദേശ സ്ഥാപനങ്ങളിലെ കേരളാ കോണ്‍ഗ്രസ് - കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍; പാലായില്‍ യുഡിഎഫിന് തലവേദന

നാല് പഞ്ചായത്തുകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്നത്. തര്‍ക്കം പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

pala by election congress - Kerala congress clashes affect udf
Author
Kottayam, First Published Aug 29, 2019, 6:36 AM IST

കോട്ടയം: പാലായില്‍ യുഡിഎഫിന് വെല്ലുവിളിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കേരളാ കോണ്‍ഗ്രസ് - കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍. പാലാ മുൻസിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലുമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. തര്‍ക്കം പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

പന്ത്രണ്ട് പഞ്ചായത്തുകളും പാലാ മുൻസിപ്പാലിറ്റിയും ചേര്‍ന്നതാണ് പാലാ നിയമസഭാ മണ്ഡലം. ഇതില്‍ രാമപുരം, മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍ എന്നീ പഞ്ചായത്തുകളിലാണ് തര്‍ക്കം രൂക്ഷം. രാമപുരത്ത് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരു ചേരികളിലായി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇടതിനൊപ്പം ചേര്‍ന്ന് ഒരു വിഭാഗം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിശ്വാസം കൊണ്ടു വരാൻ ശ്രമിച്ചിരുന്നു. യുഡിഎഫ് നേതൃത്വം ഇടപെട്ട് പിന്നീട് പ്രശ്നം പരിഹരിച്ചു. 

മുത്തോലിയില്‍ പാറമട അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. കൊഴുവനാലില്‍ കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ട സമയത്ത് അവര്‍ ഇടതുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ അവിശ്വാസം കൊണ്ടു വന്നു. തിരിച്ച് യുഡിഎഫിലെത്തിയെങ്കിലും കേരളാ കോണ്‍ഗ്രസ് ഇപ്പോഴും കൊഴുവനാല്‍ പഞ്ചായത്തില്‍ ഇടതിനൊപ്പം തന്നെയാണ്. 

മീനച്ചിലില്‍ കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലാണ് തര്‍ക്കം. ജോസ് കെ മാണി വിഭാഗത്തിലെ വിമതര്‍ ഇടതിനൊപ്പം ചേര്‍ന്നാണ് ഇവിടെ ഭരണം നടത്തുന്നത്. പാല നഗരസഭയില്‍ നഗരസഭാ സ്റ്റേഡിയത്തിന്‍റെ പേര് മാറ്റത്തെച്ചൊല്ലിയാണ് തര്‍ക്കം. സ്റ്റേഡിയത്തിന് എല്‍ഡിഎഫ് നേതാവ് മാണി സി കാപ്പന്‍റെ അച്ഛന്‍റെ പേര് മാറ്റി കെ എം മാണിയുടെ പേര് നല്‍കാനുള്ള നഗരസഭാ തീരുമാനമാണ് വിവാദത്തിലായത്. എല്‍ഡിഎഫും കേരളാ കോൺഗ്രസിലെ ഒരു വിഭാഗവും കേരളാ കോണ്‍ഗ്രസ് ചെയര്‍പേഴ്സനെതിരെ പരസ്യമായി രംഗത്തെത്തി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനും കെ എം മാണിയും തമ്മില്‍ 4700 വോട്ടുകളുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ ഇന്നലെ ഉമ്മൻ ചാണ്ടി ഇടപെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാൻ ഒരു സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.

Follow Us:
Download App:
  • android
  • ios