കോഴിക്കോട്: നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരങ്ങള്‍ കൈമാറാത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ വഴിയാണ് നിലവില്‍ ആരോഗ്യ വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കോഴിക്കോട് നിന്ന് തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 13 പേരുടെ കൂടി പട്ടിക ഐബി ആരോഗ്യ വകുപ്പിന് കൈമാറി. നേരത്തെ നിസാമുദ്ദീനിൽ പോയ ആറു പേരുടെ ഫലങ്ങള്‍ ഇന്ന് ലഭിക്കും.

കോഴിക്കോട് ജില്ലയില്‍ നിന്ന് നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ 13 പേരെന്നായിരുന്നു ആരോഗ്യ വകുപ്പിന് ആദ്യം കിട്ടിയ വിവരം. സമ്മേളനത്തില്‍ പങ്കെടുത്തവരാരും വിവരം നല്‍കാഞ്ഞതിനെത്തുടര്‍ന്ന് ഇന്‍റലിജന്‍സ് ബ്യൂറോയാണ് ഇവരുടെ വിവരങ്ങള്‍ കൈമാറിയത്. ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എല്ലാവരുടെയും സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

പിന്നാലെ, സമ്മേളനത്തില്‍ പങ്കെടുത്ത മറ്റ് എട്ട് പേരുടെ കൂടി വിവരം ഐബി കൈമാറി. ഇവരില്‍ രണ്ട് പേരുടെ ഫലം നെഗറ്റീവായി. മറ്റുളളവരുടെെ ഫലം ഇന്ന് കിട്ടും. ഇതിനു പുറമെയാണ് 13 പേരുടെ പട്ടിക കൂടി ഇന്നലെ വൈകീട്ട് ആരോഗ്യ വകുപ്പിന് ലഭിച്ചത്. ലോക് ഡൗണിനു മുൻപേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പിന്‍റെ പക്കല്‍ ഉണ്ടെങ്കിലും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ആരെല്ലാമെന്ന് തിട്ടപ്പെടുത്താനാകാത്തതാണ് പ്രതിസന്ധി.

ഇതേ പ്രതിസന്ധി മറ്റ് ജില്ലകളിലുമുണ്ട്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ ആകെ പങ്കെടുത്തത് 212പേരെന്നാണ് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചത്. ഇതില്‍ 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഈ പട്ടിക ഇനിയും നീളാനുളള സാധ്യത ആരോഗ്യവകുപ്പ് തളളിക്കളയുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്ത പലരിലും രോഗലക്ഷണം ഇല്ലാത്തതും ഇവര്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവരുമായി ഇടപെടുന്നതും രോഗ്യവ്യാപനം വര്‍ദ്ധിപ്പിക്കുമോയെന്നും ആശങ്കയുണ്ട്.