Asianet News MalayalamAsianet News Malayalam

'ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് മന്നത്ത് പദ്മനാഭന്‍ നൽകിയ സംഭാവനകൾ ഏറെ വലുത്'; പ്രകീർത്തിച്ച് മുഖ്യമന്ത്രി

മന്നത്ത്‌ പത്മനാഭന്റെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പല കാര്യങ്ങളിലും എസ്എൻസും സർക്കാരും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്.

Pinarayi Vijayan fb post about mannathu padmanabhan
Author
Thiruvananthapuram, First Published Feb 25, 2020, 3:54 PM IST

തിരുവനന്തപുരം: മന്നത്ത് പദ്മനാഭനെ പ്രകീർത്തിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് മന്നത്ത് പദ്മനാഭന്റെ സാമൂഹ്യപരിഷ്‌കാരങ്ങൾ നൽകിയ സംഭാവനകൾ ഏറെ വലുതെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

മനുസ്മൃതിയെ അടിസ്ഥാനമാക്കി ദുരാചാരങ്ങൾ തുടരാനുള്ള ശ്രമങ്ങളെ മന്നത്തിന്‍റെ നേതൃത്വത്തിൽ എൻഎസ്‌എസ്‌ ചെറുത്തത്‌ തിരുവിതാംകൂറിന്‍റെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജം പകരുമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മന്നത്ത്‌ പത്മനാഭന്റെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പല കാര്യങ്ങളിലും എസ്എൻസും സർക്കാരും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

എന്‍എസ്എസിന്‍റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത്‌ പത്മനാഭന്റെ അമ്പതാം ചരമവാർഷികമാണ്‌ ഇന്ന്‌. അദ്ദേഹം നേതൃത്വം നല്‍കിയ സാമൂഹ്യപരിഷ്‌കാരങ്ങള്‍ ഇന്ന് കാണുന്ന കേരളം സൃഷ്ടിക്കുവാന്‍ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. മനുസ്മൃതിയെ അടിസ്ഥാനമാക്കി ദുരാചാരങ്ങൾ തുടരാനുള്ള ശ്രമങ്ങളെ മന്നത്തിന്‍റെ നേതൃത്വത്തിൽ എൻഎസ്‌എസ്‌ ചെറുത്തത്‌ തിരുവിതാംകൂറിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.

നായര്‍ സമുദായത്തിലുണ്ടായിരുന്ന പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങൾ നിർത്തലാക്കുന്നതിന്‌ മന്നം പ്രേരിപ്പിച്ചു. അയിത്താചരണം അവസാനിപ്പിക്കണം, എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന്‌ സമുദായത്തെക്കൊണ്ട്‌ ആവശ്യപ്പെടുവിക്കുന്നതിന്‌ മന്നം നേതൃത്വം നൽകി. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നിവയിൽ മന്നം സജീവമായി പങ്കുകൊണ്ടു. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ പിന്നോക്കക്കാരെ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌ വൈക്കത്തുനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള സവർണജാഥ നയിച്ചത്‌ മന്നമായിരുന്നു.

മന്നത്തിന്റെ രാഷ്ട്രീയ ഇടപെടലുകളിൽ പലതിനോടും വിയോജിക്കുന്നവർക്കും അദ്ദേഹം ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു നൽകിയ സംഭാവനകൾ ചിരസ്മരണീയമാണ് എന്ന് പറയാൻ കഴിയും. ദുരാചാരങ്ങൾക്കും അപരിഷ്കൃത ചിന്തകൾക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജം പകരും.

Follow Us:
Download App:
  • android
  • ios