തിരുവനന്തപുരം: ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കണമെന്ന്  ശക്തമായി ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രേഖാമൂലം തന്നെ സെെന്യത്തെ നല്‍കാന്‍ തയാറാണ്, ആവശ്യമായ നിരോധനാജ്ഞ അടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കണം എന്നെല്ലാം കേന്ദ്രം സംസ്ഥാനത്തെ ഉപദേശിക്കുകയാണുണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു.

'പിണറായിയോട് ചോദിക്കാം' എന്ന പേരില്‍ ജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന സിപിഎം പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവ് പരിപാടിയിലാണ് പിണറായി വിജയന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു സര്‍ക്കാരിന് അത് കേന്ദ്രമായാലും സംസ്ഥാനമായാലും സുപ്രീം കോടതി വിധി അനുസരിച്ചേ മതിയാകൂ. അതുകൊണ്ടാണ് ശബരിമല വിധി നടപ്പാക്കാന്‍ തയാറാണ് എന്ന് പറഞ്ഞത്. നാളെ സുപ്രീം കോടതി മറ്റൊരു വിധി പറഞ്ഞാല്‍ അതും നടപ്പാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു

ശബരിമല വിധിക്ക് മുമ്പ് സര്‍ക്കാര്‍ നിലപാട് സത്യവാംഗ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കോടതി വിധി എന്തായാലും നടപ്പാക്കും എന്നതായിരുന്നു സത്യവാംഗ്മൂലം. അവസാനം വിധി വന്ന ശേഷം ആ നിലപാടില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ട് കോടതി വിധി നടപ്പാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കേരളത്തിലെ ചിലര്‍ ആ വിധിയെ എതിര്‍ത്തിരുന്നു എന്നത് വസ്തുതയാണ്. ആ എതിര്‍ത്തവരില്‍ ചിലര്‍ കോടതിക്ക് അകത്തും പ്രവേശനം അനുവദിക്കരുതെന്ന് വാദിച്ചവരാണ്. ആ വാദം വിശദമായി കേട്ട ശേഷമാണ് വിധി വന്നത്. ഏറെക്കുറെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

സ്ത്രീ പ്രവേശനത്തെ എതിര്‍ത്തവര്‍ വിധി വന്ന ശേഷം പരസ്യമായി പ്രതിഷേധവുമായി രംഗത്ത് വന്നപ്പോള്‍ നേരത്തെ പ്രവേശനത്തെ അനുകൂലിച്ചവരും അക്കൂട്ടത്തില്‍ കൂടുന്ന നിലയുണ്ടായി. അങ്ങനെ കുറച്ചാളുകള്‍ രാഷ്ട്രീയമായി ഈ പ്രശ്നം ഏറ്റെടുത്തു.

അതുകൊണ്ട് മാത്രം ഒരു സര്‍ക്കാരിന് നിലപാടില്‍ നിന്ന് മാറിപ്പോകാന്‍ സാധിക്കില്ല. ബിജെപിയും അവരുടെ നേതാക്കളും കേരളത്തില്‍ ഇക്കാര്യത്തില്‍ എന്ത് നിലാപാടാണ് സ്വീകരിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ വിധി ശക്തമായി നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.