തിരുവനന്തപുരം: ബാനറും കൊടിയും വച്ചുള്ള പ്രചരണ പരിപാടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ചില ഇടങ്ങളിൽ വീടുകൾ അണുവിമുക്തമാക്കാൻ എന്ന പേരിൽ ചിലർ ലോറിയിൽ വെള്ളവുമായി നടക്കുന്നുണ്ട്. വീടിന്റെ മതിലുകളിലും ​ഗേറ്റിലുമായി ഈ ലായനി തളിക്കുന്നു. തളിക്കുന്ന ലാനനി അണുവിമുക്തമാണോ എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. ഇത്തരം കാര്യങ്ങൾ വ്യക്തതയോടെ ചെയ്യുന്നതാണ് നല്ലതെന്നും ബാനറും കൊടിയും നിറവും വച്ചുള്ള പ്രചരണ പരിപാടി ഒഴിവാക്കുന്നതാണ് ഉത്തമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട ചില വ്യാജവാ‍ർത്തകളും വ്യാജ ആപ്പുകളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിൽ ഒന്ന് കൊവിഡ് രോഗികൾ കഴിക്കേണ്ട മരുന്നുകൾ എന്ന വ്യാജ ശബ്ദ സന്ദേശം ഡോക്ടറുടെ പേരിൽ പ്രചരിക്കുന്നതാണ്. കാസർക്കോട്ടെ ക‍ർണാടക അതിർത്തി തുറന്നതായും ഇന്നലെ ചില വ്യാജവാർത്തകൾ പ്രചരിക്കുകയും ആളുകൾ അവിടെ തടിച്ചു കൂടുകയും ചെയ്തു. കൊവിഡ് പ്രതിരോധം സംബന്ധിച്ച് വ്യജ ആപ്പും പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്ത പ്രചാരണം തടയാൻ ശക്തമായി പൊലീസ് ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്ഷണ വിതരണത്തിന് മത്സരിക്കുന്നത് ഒഴിവാക്കണം. ഒരോ സ്ഥലത്തും ഒരോ സന്നദ്ധ സംഘടനെ നിയോ​ഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എട്ട് പേർ കാസർകോടും അഞ്ച് പേർ ഇടുക്കിയിലും രണ്ട് പേർ കൊല്ലം ജില്ലിയിലും തിരുവനന്തപുരം, തൃശ്ശൂർ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഓരോ പുതിയ കേസ് വീതവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിൽ ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ്, എട്ട് കേസുകൾ കാസർകോട്ട് നിന്ന്