കൊച്ചി: സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 29 കുട്ടികൾക്ക് ഇന്ന് തുടങ്ങിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന സംഭവത്തിൽ കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂൾ അധികൃതരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ മാനേജർ മാഗി അരൂജ, ട്രസ്റ്റ് പ്രസിഡന്‍റ് മെൽബിൻ ഡിക്രൂസ് എന്നിവരാണ് അറസ്റ്റിലായത്. സിബിഎസ്ഇ അംഗീകാരമില്ലെന്ന് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറച്ചുവച്ചതിനാണ് തോപ്പുംപടി പൊലീസ് സ്കൂൾ മാനേജരെയും അരൂജാസ് എഡ്യൂക്കേഷൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ് മെൽബിൻ ഡിക്രൂസിനെയും അറസ്റ്റ് ചെയ്തത്. 

വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ്. കഴിഞ്ഞ വർഷം വരെ മറ്റൊരു സ്കൂളിലെ വിദ്യാര്‍ഥികളന്ന് നിലയിൽ റജിസ്തര്‍ ചെയ്താണ് പത്താം ക്ലാസ് പരീക്ഷ സ്കൂള്‍ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ സിബിഎസ്ഇ അനുമതി കിട്ടിയില്ല. അതോടെ പാഴായത് 29 വിദ്യാർത്ഥികളുടെ ഒരു അധ്യയന വർഷമാണ്. അംഗീകാരമില്ലതിനാൽ അരൂജാസ് സ്കൂളിന്‍റെ കാര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് സിബിഎസ്ഇ അധികൃതരുടെ നിലപാട്. സ്കൂളിന് സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍ഒസിയും  ഇല്ലെന്ന് സ്കൂള്‍ മാനേജ്മെന്‍റ്  സമ്മതിച്ചു .

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ  2018 ഇൽ സ്കൂൾ പൂട്ടാൻ ഉത്തരവിട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് തുടർ നടപടിയെടുത്തില്ല. സ്കൂൾ മാനേജ്മെന്‍റ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുയായിരുന്നുവെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. സ്കൂൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും എസ്എഫ്ഐയും മാർച്ച് നടത്തി.

Read More: ഭാവി തുലാസിലായി കുട്ടികൾ; അംഗീകാരവും, പ്രവർത്തനാനുമതിയും ഇല്ലെന്ന് സമ്മതിച്ച് അരൂജാസ് സ്കൂൾ...