മലപ്പുറം: നിരോധനാജ്ഞ ലംഘിച്ച് പൊലീസുകാർ ഫുട്ബോൾ കളിക്കുന്ന ദൃശ്യം പകർത്തിയ ഗ്രാമ പഞ്ചായത്ത് അംഗത്തിനു നേരെ പൊലീസ് ആക്രമണം. പരിക്കേറ്റ മലപ്പുറം തെന്നല ഗ്രാമ പഞ്ചായത്തിലെ സിപിഎം അംഗം മുഹമ്മദ് സുഹൈലിനെ  കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കലിനടുത്ത്  കോഴിച്ചെന റാപ്പിഡ് റസ്പോൺസ് ആൻറ് റസ്ക്യു ഫോഴ്സ്  മൈതാനത്താണ് നിരോധനാജ്ഞ ലംഘിച്ച് പൊലീസുകാർ  ഫുട്ബോൾ കളിച്ചത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു ഇരുപത്തിയഞ്ചോളം പേരുടെ നിയമം ലംഘിച്ചുള്ള പന്തുകളി. 

മൈതാനത്തു നിന്നും പൊടിപറക്കുന്നത് ശ്രദ്ധയിൽപെട്ട മുഹമ്മദ് സുഹൈൽ തെന്നല ഗ്രാമ പഞ്ചായത്ത് ഓഫീസിൻറെ മുന്നിൽ നിന്നും പൊലീസുകാരുടെ പന്തുകളി ദൃശ്യം ഫോണിൽ പകർത്തി. ഇതറിഞ്ഞ് പന്തുകളി നിർത്തി എത്തിയ പൊലീസുകാർ മുഹമ്മദ് സുഹൈലിനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയുമായിരുന്നു.

 

കുതറി ഓടിയ മുഹമ്മദ് സുഹൈൽ പഞ്ചായത്ത് ഓഫീസിൽ അഭയം തേടി. മുഹമ്മദ് സുഹൈലിനെ പിടികൂടാൻ ഇവിടേക്കും പൊലീസുകാർ എത്തിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി തടഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപെട്ടിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടാൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാവുമെന്നും കമാൻഡൻറ് യു ഷറഫലി അറിയിച്ചു.

അതേസമയം മലപ്പുറം ക്ലാരി ആര്‍ആര്‍ആര്‍എഫ് ഗ്രൗണ്ടില്‍ ഒരു സംഘം പോലീസുദ്യോഗസ്ഥര്‍ നിരോധനാജ്ഞ ലംഘിച്ച് ഫുട്ബോള്‍ കളിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.