കോട്ടയം: കോട്ടയം പായിപ്പാട് ലോക്ക് ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ സംഘടിച്ചതിലെ ഗൂഡാലോചന കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഘം ചേർന്നതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി തന്നെ തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ പൊലീസ് തെരച്ചിൽ നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. എറണാകുളം റേഞ്ച് ഐജി മഹേഷ്കുമാർ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്ക് ഡൗൺ ലംഘിച്ച് ആയിരത്തിലധികം വരുന്ന അതിഥി തൊഴിലാളികളാണ് ഇന്നലെ കോട്ടയം പായിപ്പാട്ടെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

ലോക് ഡൗൺ നിലനിൽക്കുന്നതിനിടെ നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാവിലെ പതിനൊന്ന് മണിയോടെ പായിപ്പാട് കവലയിലേക്ക് ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികൾ സംഘടിച്ചെത്തുകയായിരുന്നു.കൂട്ടത്തോടെയെത്തിയ തൊഴിലാളികൾ റോഡിൽ കുത്തിയിരുന്നു. ആദ്യ മണിക്കൂറിൽ പൊലീസ് കുറവായിരുന്നതിനാൽ തൊഴിലാളികളെ നിയന്ത്രിക്കാനായില്ല. പിന്നീട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് കൂടുതൽ പൊലിസെത്തി. അരമണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിൽ രണ്ട് മണിയോടെ അതിഥി തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മടങ്ങി.

Also Read: ചങ്ങനാശ്ശേരിയിൽ വിലക്ക് ലംഘിച്ച് അതിഥി തൊഴിലാളികൾ ദേശീയപാതയിൽ കുത്തിയിരിക്കുന്നു

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പി തിലോത്തമൻ പറഞ്ഞു. സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഇതിന് പിന്നിലുള്ളതായി സൂചന ലഭിച്ചുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

Also Read: പായിപ്പാട് ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കും; കടുപ്പിച്ച് മുഖ്യമന്ത്രി

അതേസമയം, കൊവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി 144 പ്രകാരം ഇന്ന് രാവിലെ മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഇതുപ്രകാരം പരിധിയില്‍ നാല് പേരിൽ കൂടുതൽ ആളുകൾ കൂടുന്നതിന് നിരോധനമുണ്ട്.

Also Read: കൊവിഡ് 19: കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു