തിരുവനന്തപുരം:  ഞായരാഴ്ച രാത്രി ഒമ്പത് മണിക്ക് 9 മിനിട്ട് ലൈറ്റുകൾ ഓഫാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം വൈദ്യുതി വിതരണത്തെ ബാധിച്ചേക്കാമെന്ന് ആശങ്ക. മുൻകരുതൽ എന്ന നിലയിൽ വിളക്കണക്കൽ സമയമായ 9 മണിക്ക് മുൻപ് തന്നെ ജലവൈദ്യുത പദ്ധതികളുടെ ഉത്പാദനം താല്ക്കാലികമായി നിർത്തിവക്കാൻ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്.  എല്ലാ ലൈറ്റുകളും ഒന്നിച്ച് അണയ്ക്കരുതെന്നും കെ എസ് ഇ ബി നിർദ്ദേശം നൽകുന്നുണ്ട്. 

ഒരു സമയം എല്ലാവരും ലൈറ്റ് അണയ്ക്കുമ്പോൾ പവർഗ്രിഡിന്‍റെ സന്തുലനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യം മുഴുവൻ ഒരു ഗ്രിഡിലാണ് വൈദ്യുതി വിതരണം. ലൈറ്റുകൾ ഒന്നിച്ച് ഓഫ് ചെയ്താൽ 400 മെഗാവാട്ട് വരെ കേരളത്തിൽ പെട്ടെന്ന് കുറയും. ഇതിനെതിരെയാണ് മുൻകരുതൽ നടപടി സ്വീകരിക്കുന്നത്. 

എല്ലാ ലൈറ്റുകളും ഒന്നിച്ച് ഓഫ് ചെയ്യരുതെന്ന നിർദ്ദേശത്തോടൊപ്പം തന്നെ 9 മിനിട്ടിന് ശേഷം ലൈറ്റുകൾ ഒന്നിച്ച് ഓൺ  ചെയ്യരുതെന്നും വൈദ്യുതി ബോർഡ് നിർദ്ദേശിക്കുന്നുണ്ട്.  എ സി, ഫ്രിഡജ് തുടങ്ങിയവും ഓഫ് ചെയ്യരുതെന്നാണ് കെഎസ്ഇബി പറയുന്നത്. 

ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യത്തോടുള്ള ആഹ്വാനം.   ഞായറാഴ്ച 9ന് രാജ്യത്തെ 130 കോടി ജനങ്ങള്‍ വീട്ടിലെ ലൈറ്റുകള്‍ അണച്ച് ചെറു ദീപങ്ങൾ പ്രകാശിപ്പിക്കണമെന്നും ഇതുവഴി ആരും ഒറ്റക്കല്ല എന്ന സന്ദേശം നല്‍കണമെന്നും കൊവിഡ് ഭീതിയുടെ ഇരുട്ടകറ്റണമെന്നുമായിരുന്നു നരേന്ദ്രമോദിയുടെ ആഹ്വാനം