Asianet News MalayalamAsianet News Malayalam

ജാമിയക്ക് പിന്നിൽ ഒറ്റക്കെട്ടായി അണി നിരന്ന് കേരളം: പ്രതിഷേധം, ഗവർണർക്ക് കരിങ്കൊടി

സംസ്ഥാനത്ത് പലയിടങ്ങളിലും യുവജനസംഘടനകളുടെ നേതൃത്വത്തിൽ ‍ട്രെയിനുകൾ തടഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനിനെതിരെയും പ്രതിഷേധമുണ്ടായി. 

protests in kerala against citizenship amendment act
Author
Thiruvananthapuram, First Published Dec 16, 2019, 6:23 PM IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിലും വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടികളിലും സംസ്ഥാനത്തും വ്യാപക പ്രതിഷേധം. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനിനമെ എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ ട്രെയിൻ തടഞ്ഞു. വൈസ് ചാൻസലർമാരുടെ യോഗത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വച്ചും വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനം പൊലീസ് തടഞ്ഞതോടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീടിവരെ അറസ്റ്റ് ചെയ്ത് നീക്കി. കുസാറ്റിന്‍റെ പ്രധാന കവാടം യൂത്ത് കോൺഗ്രസ് , ലീഗ് പ്രവർത്തകർ ഉപരോധിക്കുകയും ചെയ്തു.

കാലിക്കറ്റ് സർവകലാശാലയിലും എംജി സർവകലാശാലയിലും അധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധിച്ചു. പാലക്കാട്ട് പ്രതിഷേധിച്ച വിക്ടോറിയ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ അമിത് ഷായുടെ കോലം കത്തിച്ചു. കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് കോളേജ് , തൃശൂർ കേരള വർമ്മ കോളേജ്, മമ്പാട് എംഇഎസ് കോളേജ് വിദ്യാർത്ഥികളും പ്രതിഷേധ മാർച്ച് നടത്തി. കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥികൾ ഉപരോധ സമരം തുടങ്ങി. കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികൾ ക്ലാസ്സുകൾ ബഹിഷ്കരിച്ചു. 

ലക്ഷദ്വീപിലേക്ക് പോകാനെത്തിയ മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളയെ ആലുവ പാലസിൽ യൂത്ത് കോൺഗ്രസ് ,കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

തിരുവന്തപുരം റെയിൽവേ സ്റ്റേഷൻ എഐഎസ്എഫ്, കെഎസ്‍യു പ്രവർത്തകർ ഉപരോധിച്ചു. കന്യാകുമാരി-ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് പ്രവർത്തകർ തടഞ്ഞു. ട്രാക്കിൽ കുത്തിയിരുന്നവരെ അറസ്റ്റ് ചെയ്ത് നീക്കി. ഏറെ നേരം സ്ഥലത്ത് സംഘർഷം തുടർന്നു.

തിരുവല്ലയിൽ ഡിവൈഎഫ്ഐയും കൊല്ലത്ത് കെഎസ്‍യുവും ട്രെയിൻ തടഞ്ഞു.പെരിന്തൽമണ്ണ പട്ടിക്കാട് ഡിവൈഎഫ്ഐ പ്രവർത്തകർ രാജ്യറാണി എക്സ്പ്രസ് തടഞ്ഞു. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് ഇ കെ സുന്നി വിഭാഗവും കാസർകോട് റെയിൽവെ സ്റ്റേഷനിലേക്ക് SFIയും പ്രതിഷേധ മാർച്ച് നടത്തി. കോഴിക്കോട് കണ്ണൂർ ദേശീയപാത കെഎസ്‍യു ഉപരോധിച്ചു.

ജാമിയ മിലിയ, അലിഗഡ് സർവകലാശാലകളിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ റയിൽവേ സ്റ്റേഷനിലേക്ക് എസ് കെ എസ് എസ് എഫ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. റെയിൽവേ സ്റ്റേഷന്റെ പ്രാധാന കവാടത്തിൽ പൊലീസ് മാർച്ച് തടഞ്ഞു. നൂറോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഐലന്‍റ് എക്സ്പ്രസ്സ് അരമണിക്കൂർ സമയം തടഞ്ഞിട്ടു. പൊലീസ് ബലംപ്രയോഗിച്ച് പ്രവർക്കരെ മാറ്റി.  ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. അതിനിടെ കെഎസ്‍യു പ്രവർത്തകര്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷൻ കവാടത്തില്‍ വച്ച് കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

protests in kerala against citizenship amendment act

ആലപ്പുഴയിൽ പ്രതിഷേധവുമായി വിദ്യാർത്ഥി തെരുവിലിറങ്ങി. ലജ്‌നത്തുള്‍ മുഹമ്മദിയ്യ സ്കുളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രതിഷേധിച്ചത്. പ്രതീകാത്മകമായ കോലവുമായിട്ടാണ് വിദ്യാർത്ഥി പ്രതിഷേധിച്ചത്. കുസാറ്റ് ക്യാമ്പസില്‍ പഠിപ്പ് മുടക്കി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. സമരം ചെയ്ത ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിരിഞ്ഞു പോയില്ലെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പൊലീസ് അറിയിച്ചു. 

എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷന് മുന്നിൽ ആദ്യം മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ പിന്നീട് സ്റ്റേഷനുള്ളില്‍ കടന്ന് പാളത്തിൽ കുത്തിയിരുന്നു.  ഈ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്ന ട്രെയിനിനു മുകളിൽ കയറിയും പ്രതിഷേധിച്ചു.  പ്രതിഷേധം കാരണം സൗത്ത് റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകേണ്ട രണ്ട് ട്രെയിനുകൾ നോർത്തിലൂടെ വഴി തിരിച്ചുവിട്ടു. രണ്ട് മണിക്കൂറോളം പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. 

 

Follow Us:
Download App:
  • android
  • ios