Asianet News MalayalamAsianet News Malayalam

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി ടി തോമസ്; അക്കമിട്ട് മറുപടി നൽകി പിണറായി വിജയൻ

പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ആരോപണങ്ങളാണ് പിടി തോമസ് ഉന്നയിച്ചത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

PT thomas allegation Against Kerala Police Pinarayi Vijayan
Author
Thiruvananthapuram, First Published Feb 12, 2020, 4:07 PM IST

തിരുവനന്തപുരം: സിഎജി റിപ്പോർട്ട്, സംസ്ഥാനത്തെ പൊലീസ് വകുപ്പിനെതിരെ താനുന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്ന് പിടി തോമസ് എംഎൽഎ. നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി എഴുതി നൽകി. പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ആരോപണങ്ങളാണ് പിടി തോമസ് ഉന്നയിച്ചത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

പോലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് നടപടികളിലെ നിബന്ധനകളെ ലംഘിച്ചുകൊണ്ടാണെന്നായിരുന്നു ആദ്യ ആരോപണം.

പോലീസ് സംവിധാനത്തെ ആധുനികവത്ക്കരിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി പോലീസിനു വേണ്ടി കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ക്യാമറുകളും വാഹനങ്ങളും വാങ്ങുക സ്വാഭാവികമാണ്. ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റം (സി.സി.ടി.എന്‍.എസ്.) പദ്ധതിക്ക് ആവശ്യമായ കമ്പ്യൂട്ടറും ലാപ്‌ടോപ്പും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടു കൂടി മാത്രമാണ് വാങ്ങിയിട്ടുള്ളത്. പ്രസ്തുത വാങ്ങല്‍ നടപടികള്‍  സെന്‍ട്രല്‍ പ്രൊക്യൂര്‍മെന്റ് റേറ്റ് കോണ്‍ട്രാക്ട് സിസ്റ്റം (സി.പി.ആര്‍.സി.) മുഖാന്തിരവും ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റിംഗ് (GeM) മുഖാന്തിരവുമാണ്. സി.സി.ടി.വി.കളാവട്ടെ ഓപ്പണ്‍ ടെണ്ടര്‍ വഴിയാണ് വാങ്ങി സ്ഥാപിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വീടുകളില്‍ ക്യാമറകള്‍ വയ്ക്കുന്ന, സിംസ് പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നായിരുന്നു രണ്ടാമത്തെ ആരോപണം. 

സിംസ് പദ്ധതി മോഷണശ്രമം തത്സമയം കണ്ടെത്തി തടയാന്‍ രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഈ പദ്ധതിയുടെ നിയന്ത്രണം, നടത്തിപ്പ് ചുമതല എന്നിവ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനവും സര്‍ക്കാര്‍ ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡറായി പ്രഖ്യാപിച്ചിട്ടുള്ള കെല്‍ട്രോണിനാണ്. ഇതിനുവേണ്ടി സര്‍ക്കാരോ പോലീസോ യാതൊരു തുകയും ചിലവഴിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നക്‌സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ സ്റ്റേഷൻ ഹൗസ് ഓഫീസർമാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സിനായി അനുവദിച്ച തുക വകമാറ്റി ചിലവഴിച്ചെന്നായിരുന്നു മൂന്നാമത്തെ ആരോപണം. സര്‍ക്കാര്‍ അനുമതിയില്ലാതെ വില്ലകളും ബംഗ്ലാവുകളുമാക്കി മാറ്റിയെന്നാണ് പിടി തോമസ് കുറ്റപ്പെടുത്തിയത്.

നക്‌സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ സുരക്ഷ അനുബന്ധ ചിലവ് (എസ്.ആര്‍.ഇ), പ്രത്യേക അടിസ്ഥാന സൗകര്യ പദ്ധതി (എസ്.ഐ.എസ്.) എന്നിവയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്.ആര്‍.ഇ, എസ്.ഐ.എസ് സ്‌കീമുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനമെന്ന ഘടകം ഉള്‍പ്പെടുന്നില്ല. ഈ പദ്ധതിയുടെ ഭാഗമായോ മറ്റേതെങ്കിലും പദ്ധതിയുടെ ഭാഗമായോ തണ്ടര്‍ബോള്‍ട്ടുകാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണികഴിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാനത്ത് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പൊലീസിന്റെ ആധുനിക വത്കരണത്തിന് വേണ്ടിയുള്ള പണത്തിൽ, 2013-14 (സംസ്ഥാന വിഹിതം) സീനിയര്‍ ഓഫീസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ അപര്യാപ്തമായതിനാല്‍ , അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി അനുവദിച്ച തുക 433 ലക്ഷം രൂപയാണ്. സ്റ്റേറ്റ് പ്ലാന്‍ 2018-19 & 2019-20 സ്‌കീമുകളില്‍ സീനിയര്‍ ഓഫീസേഴ്‌സ് റസിഡന്‍സ് പണി കഴിപ്പിക്കുവാനായി അനുവദിച്ച തുക 195 ലക്ഷം രൂപയാണ്. ഇത് രണ്ടും ഉപയോഗിച്ച് ഭക്തിവിലാസത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടില്‍ സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളാണ് പണി കഴിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രസംഗത്തില്‍, കേരള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പോലീസുകാരെ വഴിവിട്ട് നിയമിച്ചുവെന്നാണ് മറ്റൊരു ആരോപണം. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലും മൂന്ന് മേഖലാ സയന്‍സ് ലബോറട്ടറികളിലുമായി 140 തസ്തികകളില്‍ 64 എണ്ണം ഒഴിഞ്ഞുകിടക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അത് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  നാല് ലാബുകളിലായി പരിശോധനയ്ക്ക് 12,000ത്തോളം ക്രൈം കേസുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളിലെ സയന്റിഫിക് ഓഫീസര്‍മാരെ സഹായിക്കാനായി ആറ് മാസത്തേക്ക് താത്ക്കാലികമായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇവരെ ലബോറട്ടറിയിലെ പരിശോധനാ ചുമതലകളൊന്നും ഏല്‍പ്പിച്ചിട്ടില്ല. തൊണ്ടിമുതലുകളുടെ പരിശോധനയ്ക്ക് അക്കാര്യത്തില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ മാത്രമേ ചുമതലപ്പെടുത്തിയിട്ടുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios