തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിസഭ പൊതുഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. വില്ലേജ് ഓഫീസർ, തഹസീൽദാർ, ഡിവൈഎസ്പി, എസ്പി, എസ്ഐ എന്നിവർക്കെതിരെയും നടപടിയുണ്ടാകും. സംഭവത്തിൽ ഇവർക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു.

കളക്ടറുടെ അനുമതി ഇല്ലാതിരുന്നിട്ടും വെടിക്കെട്ടിന് ഈ ഉദ്യോഗസ്ഥർ അനുമതി നൽകിയതായി കമ്മീഷൻ കണ്ടെത്തിയിരുന്നു.അന്നത്തെ കൊല്ലം കളക്ടറെയും എസ്പിയെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. പൊതുസുരക്ഷയെ അവഗണിയ്ക്കുന്ന കുറ്റകരമായ വീഴ്ചയാണ് ഇരുവർക്കും സംഭവിച്ചതെന്നും, കളക്ടറും പൊലീസും തമ്മിൽ ഏകോപനമുണ്ടായില്ലെന്നും ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

ക്ഷേത്രം ഭാരവാഹികളെയും കരാറുകാരെയും മാത്രം പ്രതികളാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന് വിഭിന്നമാണ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്‍റെ കണ്ടെത്തലുകൾ. കൊല്ലം കളക്ടർ, ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സംഭവിച്ച കുറ്റകരമായ വീഴ്ചയാണ് 110 പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. വെടിക്കെട്ട് അനുമതിയ്ക്കായി ക്ഷേത്ര ഭരണസമിതി സമർപ്പിച്ച അപേക്ഷയിൽ   തീരുമാനമെടുക്കുന്നതിൽ മുൻ കൊല്ലം ജില്ലാ കളക്ടർ  കുറ്റകരമായ വീഴ്ച വരുത്തി. തീരുമാനം കളക്ടർ വൈകിപ്പിച്ചതിലൂടെ അത് വെടിക്കെട്ടിനുള്ള മൗനാനുവാദമായി ക്ഷേത്രം ഭാരവാഹികളും കണക്കാക്കുകയായിരുന്നു. ഇക്കാര്യത്തിൽ ജില്ലാ പോലീസിനും ഗുരുതര വീഴ്ച പറ്റിയെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.

75 പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും അമ്പതിലേറെപേരും സ്ഥലത്ത് ഉണ്ടായില്ല,പോലീസുകാർ മുങ്ങിയിരിക്കുകയായിരുന്നുവെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. വെടിക്കെട്ട് നടത്താനുള്ള അനുമതിയുടെ കാര്യത്തിൽ 2007ലെ ഡിജിപി പുറപ്പെടുവിച്ച സർക്കുലർ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർ കാറ്റിൽ പറത്തിയെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു.

ലൈസൻസ് അനുവദിക്കുന്നതിനുള്ള അപേക്ഷ എഡിഎം ആദ്യം നിരസിച്ചിരുന്നുവെങ്കിലും സ്ഥലം എം പി പീതാംബര കുറുപ്പിന്‍റെ ഇടപെടലാണ് എഡിഎമ്മിന്‍റെ മനംമാറ്റത്തിന് കാരണമായതെന്ന് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. ഫയർ ഫോഴ്സ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരുടെ വീഴ്ചയും റിപ്പോർ‍ട്ടിൽ അക്കമിട്ട് നിരത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്.