തിരുവനന്തപുരം: ബോബി ചെമ്മണ്ണൂർ വിലകൊടുത്ത് വാങ്ങിയ നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച തർക്ക ഭൂമി വേണ്ടെന്ന് മരിച്ച രാജന്‍റെയും അമ്പിളിയുടേയും മക്കൾ. ബോബി ചെമ്മണ്ണൂര് കാണിച്ച മനസിന് നന്ദിയുണ്ടെന്നും സർക്കാരാണ് തങ്ങൾക്ക് ഭൂമി നൽകേണ്ടതെന്നും മക്കൾ പ്രതികരിച്ചു. ബോബി ചെമ്മണ്ണൂര് കാണിച്ച മനസിന് നന്ദിയുണ്ട്. നിയമപരമായി വിൽക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. സർക്കാരാണ് ഭൂമി നൽകേണ്ടത്. വസന്തയുടെ കയ്യില്‍ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല. സർക്കാരാണ് ഞങ്ങൾക്ക് ഭൂമി നൽകേണ്ടതെന്നും ഭൂമി വിറ്റത് നിയമപരമായി തെറ്റാണെന്നും രാജന്‍റെ മകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തർക്കഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന വസന്തയിൽ നിന്നും ബോബി ചെമ്മണ്ണൂർ ഇന്ന് രാവിലെയാണ് ഭൂമി വില കൊടുത്ത് വാങ്ങിയത്. ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകൾ ഇന്നുതന്നെ മരിച്ചവരുടെ മക്കൾക്ക് കൈമാറുമെന്നും വീട് ഉടൻ പുതുക്കിപ്പണിത് നൽകും, അതുവരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ചെമ്മണ്ണൂർ ഏറ്റെടുക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. വൈകിട്ട് ഭൂമി ഇവർക്ക് കൈമാറുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മാധ്യമങ്ങളിൽ നിന്നാണ് കുട്ടികൾ പോലും ഇക്കാര്യം അറിഞ്ഞിരുന്നത്. 

.നെയ്യാറ്റിൻകരയിലെ ആത്മഹത്യ; തർക്കഭൂമി ബോബി ചെമ്മണ്ണൂർ വിലകൊടുത്തുവാങ്ങി, ദമ്പതികളുടെ മക്കൾക്ക് കൈമാറും

കഴിഞ്ഞ 22-നാണ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പിലാക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും മുമ്പിൽ ദമ്പതിമാരായ രാജനും അമ്പിളിയും ആത്മഹത്യാ ശ്രമം നടത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. നെയ്യാറ്റിൻകര പോങ്ങിലെ മൂന്ന് സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം.