കൊച്ചി: സർവീസിൽ നിന്ന് പുറത്താക്കുന്നതിനു മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസിന് എതിരെ രാജു നാരായണ സ്വാമി ഐഎഎസ് ഹൈക്കോടതിയെ സമീപിച്ചു.  കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് അ​ദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകി.  സർവീസിൽ ഹാജരാകാതിരുന്ന ദിവസങ്ങൾ തെറ്റായി കണക്കു കൂട്ടി ആണ് തനിക്കെതിരെയുള്ള  നടപടി എന്നാണ് രാജു നാരായണ സ്വാമി ആരോപിക്കുന്നത്.

ചീഫ് സെക്രട്ടറി ടോം ജോസ് തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നു എന്നാണ് രാജു നാരായണസ്വാമി പറയുന്നത്. സംസ്ഥാന സർവീസിൽ തിരിച്ചു കയറാൻ താൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ഇത് തടയാൻ ചീഫ് സെക്രട്ടറി ശ്രമിക്കുന്നു എന്നും രാജു നാരായണസ്വാമി ആരോപിക്കുന്നു.

15 ദിവസത്തിനുളളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ രാജു നാരായണസ്വാമിക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു. കേന്ദ്ര സർവീസിൽ നിന്നും മടങ്ങിയിട്ടും സംസ്ഥാന സർവ്വീസിൽ പ്രവേശിച്ചില്ലെന്നാണ് അന്ന്  സർക്കാർ നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്. 2019 മാർച്ചിലാണ് നാളികേര ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും രാജു നാരായണ സ്വാമിയെ ഒഴിവാക്കിയത്.

Read Also: രാജു നാരായണ സ്വാമിക്ക് സ‍ര്‍ക്കാരിന്റെ നോട്ടീസ്: 15 ദിവസത്തിനുള്ളിൽ സ‍ര്‍വീസിൽ തിരികെ പ്രവേശിക്കണം...