ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ ഒറ്റുകാരനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്‌യു സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയും വിദ്യാർത്ഥി സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത സമരത്തിന്റെ കടയ്ക്കൽ കത്തിവച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കലാലയങ്ങളിൽ പഠിപ്പുമുടക്ക് സമരം അടക്കം വിലക്കിയ കേരള ഹൈക്കോടതി വിധിയെ രമേശ് ചെന്നിത്തല വിമർശിച്ചു. സമരം ചെയ്യാനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. പ്രതിഷേധിക്കാനും പഠിപ്പു മുടക്കാനും വിദ്യാർത്ഥികൾക്കും വിദ്യാർത്ഥി സംഘടനകൾക്കും  അവകാശമുണ്ടെന്ന് ചെന്നിത്തല പറഞ്ഞുയ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നു. ചില സമയങ്ങളിൽ പഠിപ്പ് മുടക്ക് വേണ്ടി വരും. 

ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും  പാടില്ല എന്ന സമീപനത്തോട് യോജിപ്പില്ലെന്ന് പറഞ്ഞ അദ്ദേഹം, കലാലയങ്ങളിൽ നടക്കുന്ന അക്രമവും വിധ്വംസക പ്രാവർത്തനങ്ങളും തടയണമെന്നും പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ കെഎസ്‌യു അപ്പീൽ നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.