Asianet News MalayalamAsianet News Malayalam

'സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടി വരും', ഏപ്രിലില്‍ സംസ്ഥാനത്തിന് വരുമാനമില്ലെന്ന് ധനമന്ത്രി

'സാലറി ചലഞ്ചുമായി പൂര്‍ണതോതില്‍ കേരളത്തിലെ ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ചാല്‍ ഇത്തരം നടപടികള്‍ ഒഴിവാക്കാം. സര്‍ക്കാരിന് വരുമാനം സാധാരണഗതി ഉണ്ടാകുന്നതിന്‍റെ നാലിലൊന്നുമില്ല. സാമ്പത്തിക സ്ഥിതാ അതീവഗുരുതരമാണ്'. 
 

Regulation in april month salary distribution in the state : tm thomas isaac
Author
Thiruvananthapuram, First Published Apr 2, 2020, 3:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്തിന് വരുമാനമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവന്നേക്കും. ഇത്തരം കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ എല്ലാ ജീവനക്കാരും സാലറി ചലഞ്ചില്‍ പങ്കെടുക്കണം. കഴിവിനനുസരിച്ച് മാത്രം സഭാവനയെന്നത് അംഗീകരിക്കാനാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. 

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാർച്ച് മാസത്തെ ശമ്പളം പൂർണ്ണമായി നൽകുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകും.

അതേസമയം സാലറി ചലഞ്ചുമായി പൂര്‍ണതോതില്‍ കേരളത്തിലെ ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ചാല്‍ ഇത്തരം നടപടികള്‍ ഒഴിവാക്കാമെന്നും സാമ്പത്തിക സ്ഥിതി അതീവഗുരുതരമായതിനാലാണ് നടപടികടുപ്പിക്കുന്നതെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പിന്നീട് പ്രതികരിച്ചു. സര്‍ക്കാരിന് വരുമാനം സാധാരണഗതി ഉണ്ടാകുന്നതിന്‍റെ നാലിലൊന്നുമില്ല. ശമ്പളവിതരണത്തില്‍ നിയന്ത്രണത്തിലേക്ക് പോകാതിരിക്കാന്‍ ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്ത് സര്‍ക്കാരിനോട് സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ച് മാസത്തെ ശമ്പളവിതരണത്തെ ഇത് ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ശമ്പളം വിതരണം ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ പ്രവർത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവർക്കാണ് ആദ്യപരിഗണന. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാർച്ച് മാസത്തെ ശമ്പളം പൂർണ്ണമായി നൽകുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകും.

ഇപ്പോൾ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പക്ഷെ, മിക്കവാറും എല്ലാ പത്രങ്ങളിലെയും വാർത്ത സാലറി ചലഞ്ച് നിർബന്ധമാക്കുമെന്നാണ്. കഴിഞ്ഞ പ്രളയകാലത്തെന്നപോലെ കോടതിയെ സമീപിക്കുമെന്ന് എൻജിഒ അസോസിയേഷന്റെ പ്രസ്താവന ഇന്ത്യൻ എക്സ്പ്രസിൽ കണ്ടു. എങ്ങനെയാണ് സാലറി ചലഞ്ച് നിർബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിർബന്ധമാക്കിയാൽ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിർബന്ധവുമില്ല. നല്ലമനസ്സുള്ളവർ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താൽ മതി.

മാർച്ച് മാസത്തെ വരുമാനത്തിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല. ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള നികുതി പൂർണ്ണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോർ വാഹനങ്ങളുടെ വിൽപ്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതിൽ ഇളവും നൽകിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഏപ്രിൽ മാസത്തിൽ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വിൽപ്പനയുള്ളൂ. അവയുടെ മേൽ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവർക്ക് അടിയന്തിര സഹായങ്ങൾ നൽകിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചിൽ മുഴുവൻ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

 

 

Follow Us:
Download App:
  • android
  • ios