Asianet News MalayalamAsianet News Malayalam

പിരിവെടുത്ത് കാര്‍ വേണ്ട; കെപിസിസി പ്രസിഡന്‍റിനെ അനുസരിക്കുന്നുവെന്ന് രമ്യ

കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകൾ അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യമാകണമെന്നാണ് ആഗ്രഹം
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഹരിദാസ് നിലപാട് വ്യക്തമാക്കിയത്. രമ്യ വിയോജിപ്പ് അറിയിച്ചതോടെ  പിരിവെടുത്തു കാർ വാങ്ങാനുള്ള തീരുമാനം യൂത്ത് കോൺഗ്രസ് ബസ് ഉപേക്ഷിക്കും

remya haridas denies collecting fund to buy her car by youth congress
Author
Alathur, First Published Jul 21, 2019, 10:19 PM IST

ആലത്തൂര്‍: കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെ വാഗ്ദാനം നിരസിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകൾ അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യമാകണമെന്നാണ് ആഗ്രഹമെന്നും അറിയിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഹരിദാസ് നിലപാട് വ്യക്തമാക്കിയത്.

രമ്യ വിയോജിപ്പ് അറിയിച്ചതോടെ  പിരിവെടുത്തു കാർ വാങ്ങാനുള്ള തീരുമാനം യൂത്ത് കോൺഗ്രസ്  ഉപേക്ഷിക്കും. എന്നെ ഞാനാക്കിയ എന്‍റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്‍റെ അവസാന ശ്വാസമെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത് എന്നാണ് കാര്‍ വാങ്ങുന്നതിനുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ തീരുമാനത്തെ കുറിച്ച് രമ്യ പ്രതികരിച്ചത്. ഇത് ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ്. ആലത്തുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് തന്‍റെ ചുമതല.

എംപിയെ സഹായിക്കുക എന്നതിലുപരി അങ്ങനെ ഒരു ആവശ്യത്തിന് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു. ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താനെന്നും രമ്യ പറഞ്ഞിരുന്നു.

 

ആലത്തൂര്‍ മണ്ഡലം പിടിച്ചടക്കിയ രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍  യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രസീത് അടിച്ച് പണപ്പിരിവ് നടന്നിരുന്നത്. 1000 രൂപ രസീതില്‍ അച്ചടിച്ചാണ് സംഭാവന തേടിയത്. 25ന് പിരിച്ച തുക പാര്‍ലമെന്‍റ് കമ്മിറ്റിയെ എല്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പണിപ്പിരിവ് ആരംഭിച്ചതിന് പിന്നാലെ വിവാദവും തലപൊക്കി.

എംപി എന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷം രൂപ ശമ്പളവും അലവന്‍സും അടക്കം ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്. ആലത്തൂര്‍ എന്ന കോട്ട പിടിച്ചടക്കിയ ഞങ്ങളുടെ എംപിക്ക് ഒരു വാഹനം വാങ്ങി നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് വിവാദങ്ങളോട്  യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ്  കമ്മിറ്റി പ്രസിഡന്‍റ് പാളയം പ്രദീപ് പ്രതികരിച്ചത്.

മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ ഇതിനകം രമ്യ ഹരിദാസിന് വേണ്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നു. ഓഗസ്റ്റ് ഒമ്പതിന് രമേശ് ചെന്നിത്തല രമ്യ ഹരിദാസിന് താക്കോല്‍ കെെമാറുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്.  എന്നാല്‍, ഇതിനിടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ രംഗത്ത് വരികയായിരുന്നു. പാര്‍ലമെന്‍റ്  അംഗമെന്ന നിലയില്‍ രമ്യക്ക് വായ്പ ലഭിക്കും.

അത് തിരിച്ചടയ്ക്കാനും സാധിക്കും. അതിന് വേണ്ടി പിരിവെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയാറായത് ശരിയായില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഇതോടെ രമ്യക്ക് കാര്‍ വാങ്ങുന്നതിനുള്ള പിരിവിനെതിരെയുള്ള വിവാദങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ഈ സാഹചര്യത്തിലാണ് രമ്യ തന്നെ യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം നിരസിച്ച് രംഗത്ത് വന്നിരിക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios