Asianet News MalayalamAsianet News Malayalam

മണ്ണുതിന്നൽ വിവാദം: സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, വിശദീകരണം നല്‍കി എസ്‍ പി ദീപക്ക്

കൈതമുക്കിൽ പട്ടിണി മൂലം അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുട്ടികൾ മണ്ണ് തിന്നാണ് കഴിഞ്ഞതെന്ന എസ് പി ദീപകിന്‍റെ പ്രസ്താവന സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു.

s p deepak gave explanation to party
Author
Trivandrum, First Published Dec 11, 2019, 12:50 PM IST

തിരുവനന്തപുരം: പ്രാദേശിക പാർട്ടിക്കാർ നൽകിയ വിവരം അനുസരിച്ചാണ് കൈതമുക്കിൽ കുട്ടികൾ പട്ടിണി മൂലം മണ്ണ് തിന്നതെന്ന് പറഞ്ഞതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും പാർട്ടിക്ക് നൽകിയ വിശദീകരണത്തിൽ ദീപക് വ്യക്തമാക്കി. അതേ സമയം സിപിഎം കടുത്ത നിലപാടെടുത്ത സാഹചര്യത്തിൽ ദീപക് ഉടൻ രാജിവെക്കും. കൈതമുക്കിൽ പട്ടിണി മൂലം അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുട്ടികൾ മണ്ണ് തിന്നാണ് കഴിഞ്ഞതെന്ന എസ് പി ദീപകിന്‍റെ പ്രസ്താവന സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു.

ബാലാവകാശ കമ്മീഷനും നഗരസഭയും നടത്തിയ പരിശോധനയിൽ ഇത് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ദീപകിനോട് സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ആവശ്യപ്രകാരം സിപിഎം ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിമൽ നൽകിയ വിവരമനുസരിച്ചാണ് മണ്ണ് തിന്നതെന്ന് പറയേണ്ടിവന്നതെന്നാണ് ദീപകിന്‍റെ വിശദീകരണം. സ്ഥലത്തെത്തിയ സമിതിയിലെ ഉദ്യോഗസ്ഥരും ഇത് ശരിവെച്ചെന്നും കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ് ദീപക് പറയുന്നത്. 

അതേ സമയം കുട്ടികളുടെ അമ്മയുടെ പേരിൽ ശിശുക്ഷേമസമിതിക്ക് കത്തെഴുതിയത് വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണെന്ന് ഇതിനകം പാർട്ടി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദീപകിനെതിരെ പാർട്ടി നിലപാട് കടുപ്പിച്ചത്. മുഖ്യമന്ത്രിയും കടുത്ത അതൃപ്തിയിലാണ്. ദീപകിനോട് ഉടൻ രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടും. ഈ മാസം 30 വരെ ദീപക് അടങ്ങുന്ന സമിതി ഭരണസമിതിക്ക് കാലാവധിയുണ്ട്. അത് വരെയെങ്കിലും തുടരാനുള്ള ശ്രമങ്ങളിലാണ് ദീപക്. പക്ഷെ ദേശീയ തലത്തിൽ തന്നെ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ദീപകിനോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഎം നിലപാട്.
 

Follow Us:
Download App:
  • android
  • ios