Asianet News MalayalamAsianet News Malayalam

ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും: സുരക്ഷയൊരുക്കാന്‍ 300 പൊലീസുകാര്‍ മാത്രം

കഴിഞ്ഞ മാസം നട തുറന്നപ്പോള്‍ 1500 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഇക്കുറി സന്നിധാനത്തും, നിലക്കലും,പമ്പയിലും കൂടി ആകെ മുന്നൂറോളം പേരെ മാത്രമേ വിന്യസിക്കുന്നുള്ളൂ. 

sabarimala opens today
Author
Sabarimala, First Published Mar 11, 2019, 7:53 AM IST

പത്തനംതിട്ട: ഉത്സവ-മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതീപ്രവേശനത്തിന് ശേഷം കഴിഞ്ഞ കുറച്ചു മാസങ്ങളായി നിലനില്‍ക്കുന്ന പിരിമുറുക്കം ഇല്ലാതെയാണ് ഇക്കുറി നട തുറക്കുന്നത്. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ശബരിമലയില്‍ വിന്യസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍ പിബി നൂഹ്. 

പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവ,മീനമാസ പൂജകൾക്കായാണ് നടതുറക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൂടെ കണക്കിലെടുത്ത് സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ട്. 300 സുരക്ഷാ സേനാംഗങ്ങൾ മാത്രമായിരിക്കും സന്നിധാനം, നിലക്കൽ,പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക. കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്നു. 

സ്ത്രീപ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വിധി പറയാത്തതിനാൽ തന്നെ യുവതികളും ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാൽ യുവതികളെ തടയുമെന്ന നിലപാടിലുറച്ച് ശബരിമല കർമ്മ സമിതി ഉൾപ്പെടെ രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. 

കടുത്ത വേനലിൽ പമ്പ വറ്റി വരണ്ടതിനാൽ കുള്ളാർ ഡാം തുറന്ന് വെള്ളം വിടുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. പ്രളയത്തിൽ മണ്ണിനടയിലായ പമ്പയിലെ ആറാട്ട് കടവ് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവിടെ വെള്ളമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലക്കൽ - പമ്പ സർവ്വീസിനായി 60 ബസ്സുകൾ എത്തിക്കുമെന്ന് കെ.എസ്.ആർ.ടി അറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios