Asianet News MalayalamAsianet News Malayalam

ശാന്തൻപാറ കൊലപാതകം: റിസോർട്ട് മാനേജരുടെ സഹോദരൻ അറസ്റ്റിൽ

വസീമിന്‍റെ സഹോദരൻ ഫഹദ് ആണ് അറസ്റ്റിലായത്. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാനും ഇയാൾ സഹായിച്ചെന്ന് പൊലീസ്.

santhanpara murder brother of resort manager arrested
Author
Idukki, First Published Nov 8, 2019, 6:06 PM IST

ഇടുക്കി: ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസിൽ റിസോർട്ട് മാനേജരുടെ സഹോദരൻ അറസ്റ്റിൽ. വസീമിന്‍റെ സഹോദരൻ ഫഹദ് ആണ് അറസ്റ്റിലായത്. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാനും ഇയാൾ സഹായിച്ചെന്ന് പൊലീസ് പറയുന്നു. 

ഇതിനിടെ, റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കയറോ തുണിയോ ഉപയോഗിച്ച് റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. മരണസമയത്ത് റിജോഷ് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. ശരീരത്തില്‍ മറ്റ് പരിക്കുകളോ മുറിവുകളോ ഇല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമെന്നും പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 31ന് കാണാതായ റിജോഷിന്‍റെ മൃതദേഹം ഇന്നലെയാണ് സ്വകാര്യ റിസോർട്ട് ഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപമുള്ള സ്വകാര്യ റിസോർട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയമായി. 

ഇവരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോർട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. ഇത് കുഴിച്ചുനോക്കിയപ്പോൾ ചാക്കിൽകെട്ടിയ നിലയിൽ റിജോഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്. റിജോഷിന്‍റെ കൊലപാതകത്തിൽ ഭാര്യ ലിജി, കാമുകൻ വസീം എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 

ഇരുവരെയും പാലയിൽ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം അവിടെ എത്തിയെങ്കിലും പിടികൂടാനായില്ല. ഒരുപക്ഷേ പ്രതികൾ തമിഴ്‍നാട്ടിലേക്ക് കടന്നേക്കാമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു സംഘം അവിടെയും അന്വേഷിക്കുന്നുണ്ട്. റിജോഷിനെ കൊന്നത് താൻ തന്നെയെന്ന് വസീം സമ്മതിക്കുന്ന വീഡിയോ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. സഹോദരന്‍റെ മൊബൈലിലേക്കാണ് വസീം ഈ വീഡിയോ അയച്ചത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios